
കൽപ്പറ്റ: കൃഷി, ചെറുകിട വ്യവസായം മറ്റ് തൊഴിൽ മേഖല തുടങ്ങിയവ ശാസ്ത്രാധിഷ്ഠിതമാക്കുകയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്താൽ അഭ്യസ്ഥവിദ്യർക്ക് കൂടുതൽ തൊഴിലവസരം നൽകാൻ കഴിയുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാനന്തവാടിയിൽ 'ജ്ഞാന സമൂഹവും ഭാവി കേരളവും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിൽ മേഖലകളിലെ പരമ്പരാഗത രീതി മാറണം. കുത്തകകൾ മാത്രമാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. നമുക്കും അത് പ്രാപ്യമാകണം. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യരുള്ള സംസ്ഥാനമാണ് നമ്മുടേത്. 20 ലക്ഷത്തോളം വിദ്യാസമ്പന്നരായ വീട്ടമ്മമാരും കേരളത്തിലുണ്ട്. അവർക്ക് വീട്ടിലിരുന്നുതന്നെ തൊഴിൽ ചെയ്യാവുന്ന സംവിധാനങ്ങളുണ്ടാവണം. അറിവ് നേടിയ സമൂഹത്തെ അതിനായി പ്രയോജനപ്പെടുത്തുകയാണ് നാമിനി ചെയ്യേണ്ടത്. ഇടതു ബദലാണ് കേരളമുയർത്തുന്നത്. മോദിയുടെ വർഗീയനയങ്ങളെ ചെറുക്കാൻ ഒരുപാട് സംഘടനകളുണ്ട്. എന്നാൽ സാമ്പത്തിക നയത്തെ എതിർക്കാൻ നമ്മൾ മാത്രമാണുള്ളത്. കേന്ദ്രത്തിന് ബദലായ സർക്കാരാണ് നമ്മുടേത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുമ്പോൾ നഷ്ടത്തിലോടുന്നവകൂടി ലാഭത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ജനകീയ അംഗീകാരമാണ് രണ്ടാം പിണറായി സർക്കാരിന്റെ വിജയത്തിന് അടിസ്ഥാനം. അദ്ദേഹം പറഞ്ഞു. മാനന്തവാടി ക്ഷീരസംഘം ഹാളിൽ നടന്ന ചടങ്ങിൽ പി.ടി ബിജു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം എ.എൻ പ്രഭാകരൻ സംസാരിച്ചു. ശ്രീജിത്ത് ശിവരാമൻ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി.വി സഹദേവൻ, വി.വി ബേബി, ജില്ലാ കമ്മിറ്റിയംഗം കെ.എം വർക്കി എന്നിവർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി എം രജീഷ് സ്വാഗതം പറഞ്ഞു.