വൈത്തിരി: സി.പി.എം വയനാട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 10ന് എം വേലായുധൻ നഗറിൽ (വൈഎംസിഎ ഹാൾ) മുതിർന്ന നേതാവ് വി.പി.ശങ്കരൻ നമ്പ്യാർ പതാക ഉയർത്തും. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനംചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന സമ്മേളനത്തിൽ ജില്ലയിലെ 11,286 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 125 പ്രതിനിധികളും 26 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവൻ, ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, എം.വി.ഗോവിന്ദൻ, എളമരം കരീം, കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി.രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. 16ന് വൈകിട്ട് നാലിന് പ്രകടനത്തിനു ശേഷം നടക്കുന്ന പൊതുയോഗത്തോടെ സമ്മേളനം സമാപിക്കും. അനുബന്ധമായി എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും പൊതുയോഗങ്ങൾ സംഘടിപ്പിക്കും.