മാനന്തവാടി: കുറുക്കൻമൂല പ്രദേശത്തെ കടുവശല്യം തടയുന്നതിന്റെ ഭാഗമായി സബ്ബ് കലക്ടർ ആർ.ശ്രീലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഹൈക്കോടതി ജഡ്ജിയുടെ ഗൂഗിൾ മീറ്റ് യോഗ തീരുമാനപ്രകാരമായിരുന്നു യോഗം. ഇതനുസരിച്ച് പ്രദേശത്തെ റിസോർട്ടുകളിൽ സി.സി.ടി.വി ക്യാമറകൾ ഉപയോഗപ്പെടുത്തി കടുവയെ കണ്ടെത്താൻ ശ്രമിക്കും. രാത്രി വൈദ്യുതി ബന്ധം തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുക, ക്ഷീര കർഷകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ സുരക്ഷ ഒരുക്കുക, ഇരുപത്തിനാല് മണിക്കൂറും പട്രോളിംഗ് ശക്തമാക്കുക തുടങ്ങിയ തീരുമാനങ്ങൾ കൈക്കൊണ്ടു.

യോഗത്തിൽ ഡി.എഫ്.ഒ.മാരായ എ.ഷജ്ന, രമേശ് കുമാർ ബിഷ്‌ണോയ്, ബേഗൂർ റെയ്ഞ്ചർ കെ.രാഗേഷ്, മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രൻ നഗരസഭ അദ്ധ്യക്ഷ സി.കെ.രത്നവല്ലി കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, ആലീസ് സിസിൽ, ഷിബു കെ.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

അഞ്ചു കൂടുകൾ സ്ഥാപി​ച്ചി​ട്ടും കടുവ ഇതുവരെ കൂട്ടി​ൽ കുടുങ്ങി​യി​ട്ടി​ല്ല. കഴി​ഞ്ഞ പതി​നഞ്ചു ദി​വസത്തി​നുള്ളി​ൽ പതി​മൂന്ന് വളർത്തുമൃഗങ്ങളെയാണ് കടുവ പി​ടി​കൂടി​യി​ട്ടുള്ളത്.