
പയ്യമ്പളളി (വയനാട്): കുറുക്കൻമൂലയിലെ വനഗ്രാമത്തിൽ നിന്ന് ആക്രമണകാരിയായ കടുവ പയ്യമ്പള്ളിയും കടന്ന് ജനവാസ കേന്ദ്രത്തിലേക്ക് എത്തിയതോടെ ജനങ്ങൾ ഭീതിയുടെ മുൾമുനയിൽ. ഇന്നലെ രണ്ടു വളർത്തുമൃഗങ്ങളെ കൂടി കടുവ വകവരുത്തി. പുതിയിടം വടക്കുംപാടം ജോണിന്റെ മൂരിക്കിടാവിനെയാണ് കടുവ ഇന്നലെ കൊന്നത്. തൊഴുത്തിൽ നിന്നു കുറച്ചകലെയായി ജഡം കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത് വയലിനപ്പുറത്തെ പരുന്താനിയിൽ ലൂസി ടോമിയുടെ ആടിനെയും ഇരയാക്കി.
ഉദ്യോഗസ്ഥരുടെയും ജനപ്രതിനികളുടെയും മുന്നിൽ പ്രദേശവാസികളുടെ പ്രതിഷേധം ഇന്നലെ അണപൊട്ടി. ഇതുവരെ വനാതിർത്തിയിൽ താവളമുറപ്പിച്ച കടുവ ജനവാസ കേന്ദ്രത്തിലേക്ക് കയറിയത് വനപാലകരുടെ ഒാപ്പറേഷൻ പിഴച്ചതുകൊണ്ടാണെന്ന ആരോപണമാണ് പ്രദേശവാസികളുടേത്. രണ്ട് ദിവസത്തിനകം കടുവയെ പിടിച്ചിരിക്കുമെന്ന ഉറപ്പിലാണ് അവർ പിന്മാറിയത്. മേൽനോട്ടം വഹിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ നിയോഗിച്ചു. നൂറിലധികം വനം വകുപ്പ് ജീവനക്കാരും ഏതാണ്ട് അത്ര തന്നെ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിൽ തുടരുകയാണ്. കാടിളക്കി കടുവയെ പുറത്ത് ചാടിക്കാൻ രണ്ട് കുങ്കി ആനകളുമുണ്ട്.