വൈത്തിരി: സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കാൻ പ്രതിപക്ഷം വർഗീയ കൂട്ടായ്മയുണ്ടാക്കുകയാണെന്ന് സിപി എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘൻ പറഞ്ഞു. പുതിയ തലമുറയെ ലക്ഷ്യമിട്ടുള്ള വികസനകുതിപ്പ് ഇല്ലാതാക്കാൻ നാട് അനുവദിക്കില്ല.
സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവൻ.
കേരളം ഇരുട്ടിൽ നിലകൊണ്ടാൽ മതിയെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. കെ റെയിൽ പദ്ധതിയ്ക്ക് അനുമതി നൽകരുതെന്നു ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ കേന്ദ്രത്തിന് കത്ത് നൽകുന്നത് കമ്മ്യൂണിസ്റ്റ് വിരോധം ഒന്നുകൊണ്ടു മാത്രമാണ്. സംസ്ഥാനത്തിന്റെ വികസനം അട്ടിമറിക്കാൻ എം.പി മാർ മുൻകൈയെടുക്കുന്നത് ആദ്യസംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
വികസനവഴിയിൽ അതിവേഗത്തിൽ നീങ്ങുകയാണ് കേരളം. പുതിയ കാലത്തിന്റെ വെല്ലുവിളി അതിജീവിക്കാൻ കേരളം ശ്രമിക്കുമ്പോൾ അത് ഇല്ലാതാക്കാനാണ് പ്രതിപക്ഷ ശ്രമം. സംസ്ഥാന പുരോഗതിയ്ക്ക് തടസ്സം നിൽക്കുന്നവർ കുറച്ചുനാൾ കഴിഞ്ഞാൽ വീണ്ടും ജനങ്ങളെ കാണേണ്ടി വരുമെന്ന് ഓർക്കണം.
തീവ്രവർഗീയതയുമായി സമൂഹത്തെ രണ്ടായി തിരിക്കാൻ ബി.ജെ.പി യും സംഘപരിവാറും ശ്രമിക്കുമ്പോൾ അതിന് സൗകര്യമൊരുക്കി കൊടുക്കുകയാണ് ലീഗ്. സമൂഹത്തെ വർഗീയവൽക്കരിച്ച് ഇടതുപക്ഷത്തെ ദുർബലപെടുത്താനാണ് ബിജെപിയും ലീഗും കോൺഗ്രസുമെല്ലാം നോക്കുന്നത്. ഇത് കമ്യൂണിസ്റ്റുകാർ അനുവദിക്കില്ല.
രാജ്യത്ത് ഹിന്ദുക്കളുടെ ഭരണം വേണമെന്ന് രാഹുൽ ഗാന്ധി പറയുന്നു. താനും ഹിന്ദുക്കളുടെ രാജ്യത്തിനാണ് ശ്രമിക്കുന്നത് എന്ന് പറഞ്ഞല്ല സംഘപരിവാർ രാഷ്ട്രീയത്തെ എതിർക്കേണ്ടത്.
കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി കെ.രാധാകൃഷണനും ചടങ്ങിൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ഗഗാറിൻ അദ്ധ്യക്ഷനായിരുന്നു.