
ആക്രമിക്കാൻ ശ്രമിച്ചത് കൗൺസിലറെ
പയ്യമ്പള്ളി (വയനാട്): കുറുക്കൻമൂലയിൽ ദിവസങ്ങളായി നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിറുത്തി വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുകയും ജനവാസ പ്രദേശത്തെത്തുകയും ചെയ്ത കടുവയെ പിടികൂടാത്തതിനെ ചൊല്ലി വനപാലകർക്കെതിരെ നാട്ടുകാർ തിരിഞ്ഞത് വാക്കേറ്റത്തിലും കൈയാങ്കളിയിലും കലാശിച്ചു. തർക്കത്തിനിടെ മാനന്തവാടി നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ കൗൺസിലർ വിപിൻ വേണുഗോപാലിനു നേരെ വനം വകുപ്പ് ഉദ്യോഗസ്ഥൻ കത്തിയെടുക്കാനൊരുങ്ങി. ഇതോടെയാണ് സംഘർഷം കൈയാങ്കളിയിലേക്ക് നീങ്ങിയത്. ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു കിട്ടിയതോടെയാണ് രംഗം ശാന്തമായത്.
കഴിഞ്ഞ ദിവസം രാത്രി പുതിയിടത്ത് കടുവ ഇറങ്ങിയ വിവരം പ്രദേശവാസികൾ അറിയിച്ചിട്ടും വനം വകുപ്പുകാരെത്തിയത് ഇന്നലെ രാവിലെയാണ്. രാത്രി ആ നേരം മുതൽ ആളുകൾക്കൊപ്പം സ്ഥലത്ത് കാവലുറപ്പിച്ച വിപിൻ വേണുഗോപാൽ പ്രശ്നം വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രനാഥ്, ഡോ.അരുൺ സക്കറിയ എന്നിവരുമായി സംസാരിക്കെ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് വനപാലകരിൽ ഒരാൾ അരയിൽ നിന്നു കത്തിയൂരാൻ ശ്രമിച്ചത്. ഇതു മറ്റൊരു ജീവനക്കാരൻ തടഞ്ഞെങ്കിലും നാട്ടുകാർ പ്രതിഷേധിച്ചതോടെ സംഘർഷം രൂക്ഷമായി.
ജനപ്രതിനിധിയെ ആക്രമിക്കാൻ ശ്രമിച്ച വനപാലകർ മാപ്പ് പറയണമെന്ന ആവശ്യത്തിൽ നാട്ടുകാർ ഉറച്ചു നിന്നു. വനം വകുപ്പിന്റെ വാഹനങ്ങൾ തടഞ്ഞു വച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
വിവരം അറിഞ്ഞെത്തിയ ഒ.ആർ.കേളു എം.എൽ.എ വനം വകുപ്പുകാർക്കെതിരെ ശക്തമായി പ്രതികരിച്ചു. മുഖ്യമന്ത്രി, വനം വകുപ്പ് മന്ത്രി എന്നിവർക്ക് പരാതിയും അയച്ചു. പിന്നീട് കാട്ടിക്കുളം ഫോറസ്റ്റ് സ്റ്റേഷനിൽ വനം വകുപ്പ് ഉന്നതോദ്യോഗസ്ഥരും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളും ഒന്നിച്ചിരുന്നുള്ള ചർച്ചയിൽ അക്രമത്തിന് ശ്രമിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കാൻ ധാരണയായി.