മാനന്തവാടി: നാട്ടുകാരെയും ജനപ്രതിനിധികളെയും മുഖവിലയ്ക്കെടുക്കാത്ത വനം വകുപ്പിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധം. നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘർഷം കടുവയെ പിടികൂടുവാനുളള ശ്രമത്തിന് മങ്ങലേൽപ്പിച്ചു.
ഡിവിഷൻകൗൺസിലർ വിപിൻ വേണുഗോപാലിന് നേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൈയേറ്റത്തിന് മുതിർന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. എം.എൽ.എ ഒ.ആർ.കേളു ഉൾപ്പെടെ പലരും പ്രതിഷേധവുമായി എത്തി.
ഇതിനിടെ ഇതൊന്നും അറിയാതെ കടുവ നാട്ടിൽ വിലസുകയാണ്. ഇന്നലെയും കടുവയെ പലരും കണ്ടു.
കടുവ ഭീഷണി നിലനിൽക്കുന്ന പ്രദേശത്തെ വാർഡ് കൗൺസിലറും, നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമായ വിപിൻ വേണുഗോപാലിനെ മർദ്ദിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കടുവഭീഷണിയുള്ള പ്രദേശത്ത് ജനങ്ങൾക്കിയിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച വിപിൻ വേണുഗോപാലിനെ യാതൊരു പ്രകോപനവും കൂടാതെയാണ് മർദ്ദിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
സമാധാനപരമായി ജോലി ചെയ്യാൻ കഴിയണം
മാനന്തവാടി: വനം വകുപ്പ് ജീവനക്കാർക്ക് സമാധാനപരമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു. കുറുക്കൻമൂലയിൽ വളർത്ത് മൃഗങ്ങളെ അക്രമിക്കുന്ന കടുവയെ പിടികൂടുന്നതിന് ജീവനക്കാർ രാപ്പകലില്ലാതെ ജോലി ചെയ്ത് വരികയാണ്. മയക്കുവെടി വെയ്ക്കുന്നതിന് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കടുവയെ കണ്ടെത്തിയിട്ടില്ല. മയക്ക്‌വെടി കൊണ്ടാൽ കടുവ മയങ്ങണമെങ്കിൽ 20 മിനിറ്റോളം വേണം. അതിനാൽ രാത്രി കടുവയെ മയക്ക്‌വെടി വെയ്ക്കുന്നത് പ്രായോഗികമല്ല.
ചിലർ മന:പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ച് ജീവനക്കാരെ ജോലി തടസ്സപ്പെടുത്തുവാനും ശ്രമിക്കുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി.അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.ചന്ദ്രൻ, ട്രഷറർ ടി.ആർ.സന്തോഷ്, ഉത്തര മേഖല സെക്രട്ടറി കെ.ബീരാൻകുട്ടി, വൈസ് പ്രസിഡന്റ് പി.എം.ബിനീഷ്, ജോയിന്റ് സെക്രട്ടറി കെ.പി.സജി പ്രസാദ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.മനോഹരൻ, കെ.പി.ശ്രീജിത്ത്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.കെ. ജീവരാജ്, പി.കെ.ഷിബു, എ.ആർ.സിനു എന്നിവർ സംസാരിച്ചു.