
അമ്പലവയൽ: മൂന്നര പതിറ്റാണ്ട് മുമ്പ് വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മ്യൂസിയത്തിലേയ്ക്കായി ശേഖരിച്ച ചരിത്ര വസ്തുക്കൾ ഇന്നും വെളിച്ചം കാണാതെ സ്റ്റോർ റൂമിനുള്ളിലുണ്ട്. അമ്പലവയൽ ചരിത്ര മ്യുസിയത്തിന്റെ സ്റ്റോർ മുറിയിലാണ് ചരിത്രാന്വേഷകർക്കും ചരിത്രസ്‌നേഹികൾക്കും മുതൽകൂട്ടാകേണ്ട ചരിത്രവസ്തുക്കൾ പൊടിയെടുത്ത് കിടക്കുന്നത്. വയനാടിന്റെ ചരിത്രാവശേഷിപ്പുകളെക്കുറിച്ച് കൃത്യമായ പഠനം നടക്കാത്തതിനാൽ ഇവ തിരിച്ചറിയാനാവാത്തതിനാലും ചരിത്ര മ്യൂസിയത്തിലെ വിജ്ഞാനകേന്ദ്രത്തിൽ ഇവ പ്രദർശിപ്പിക്കുന്നതിനുള്ള സ്ഥലമില്ലാത്തതിനാലുമാണ് അപൂർവ്വങ്ങളായ പല വസ്തുക്കളും സ്റ്റോർ റൂമിൽ തന്നെ കൂട്ടിയിടേണ്ടിവന്നത്.
1986-ലായിരുന്നു ചരിത്രാവശിഷ്ടങ്ങൾ തേടി ഡോ.എം.ആർ രാഘവവാര്യർ, ഡോ.രാജൻഗുരുക്കൾ, രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഇവയിൽ പൊട്ടിയതും കൃത്യമായി തിരിച്ചറിയാൻ കഴിയാത്തതുമായവ സ്റ്റോർ റൂമിലേക്ക് മാറ്റുകയായിരുന്നു. അവസാനമായി 2018-ൽ ലഭിച്ച ക്ഷേത്രമകുടത്തിന്റെ ചരിത്രാവശിഷ്ടങ്ങളടക്കം നൂറോളം ചരിത്രവസ്തുക്കളാണ് സ്ഥലപരിമിധി മൂലം സ്റ്റോറിൽ തന്നെ സൂക്ഷിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി ഇവിടെ കൂട്ടിയിട്ടിരിക്കുന്നതിനാൽ നശിച്ചുകൊണ്ടിരിക്കുകയാണ് പലതും.
വയനാടിന്റെ ചരിത്രാവശേഷിപ്പുകളെ കുറിച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന പഠനമല്ലാതെ പിന്നീട് കൃത്യമായ ഒരു പഠനം നടന്നിട്ടില്ല. കൃത്യമായ ചരിത്ര പഠനം നടത്തി സർവ്വേ നടത്തിവേണം ചരിത്രാവശിഷ്ഠങ്ങൾ തിരിച്ചറിയാൻ. ആർക്കിയോളജിസ്റ്റിനെയും ചരിത്രകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ചരിത്ര പഠനത്തിലുടെ മാത്രമെ ഈ അപൂർവ്വ ചരിത്രാവശിഷ്ടങ്ങളെക്കുറിച്ച് ബോധ്യമാകു. പഠനവും സർവേയും നടത്തി തരംതിരിച്ച് മ്യുസിയത്തിൽ പ്രദർശിപ്പിച്ചാൽ ചരിത്ര സ്‌നേഹികൾക്ക് വലിയ മുതൽകൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
@ അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം
ലോക പ്രശസ്തമായ എടക്കൽ ഗുഹക്ക് സമീപമാണ് ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 11-12 ശതകങ്ങൾ മുതലുള്ള ചരിത്രാവശിഷ്ടങ്ങളാണ് ഇവിടെ പ്രദർശനത്തിനായി വെച്ചിട്ടുള്ളത്. വയനാടിന്റെ സാംസ്‌ക്കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ഈ ചരിത്രമ്യൂസിയം ഒന്നാം നിരയിലേക്ക് സ്ഥാനം പിടിക്കാൻ സാദ്ധ്യതയും യോഗ്യതയുമുള്ളതാണ്.