ts

കാവുംമന്ദം: മികച്ച വിദ്യാഭ്യാസ പരിപാടിക്കുള്ള 2020ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ പൂർവ്വ വിദ്യാർത്ഥിയായ നിർമ്മൽ ബേബി വർഗീസിനെ തരിയോട് ഗവ. എൽ.പി സ്‌കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. അഡ്വ. ടി. സിദ്ധീഖ് എം.എൽ.എ ഉപഹാരം സമർപ്പിച്ചു. പി.ടി.എ പ്രസിഡന്റും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു മുഖ്യാതിഥിയായി.

വയനാടിന്റെ സ്വർണ ഖനന ചരിത്രം പ്രമേയമാക്കി നിർമ്മൽ സംവിധാനം ചെയ്ത തരിയോട് എന്ന ഡോക്യുമെന്ററിയിലൂടെയാണ് സംസ്ഥാന പുരസ്‌ക്കാരം തേടിയെത്തിയത്. മലബാറിലെ സ്വർണ ഖനന ചരിത്രം അപൂർവ്വ രേഖകളിലൂടെ ആവിഷ്‌ക്കരിച്ച ഗവേഷണ മികവിനാണ് പുരസ്‌ക്കാരം. സഹോദരി ചൈതന്യയാണ് നിർമ്മാണം. നിരവധി അന്താരാഷ്ട്ര മേളകളിൽ ഈ ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കപ്പെടുകയും ഒട്ടേറെ പുരസ്‌ക്കാരങ്ങൾ നിർമ്മലിനെ തേടിയെത്തിയതും ഈ യുവ സംവിധായകന്റെ കരിയറിൽ വലിയ നേട്ടമായി

തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷീജ ആന്റണി, രാധ പുലിക്കോട്, മെമ്പർമാരായ ചന്ദ്രൻ മടത്തുവയൽ, ബീന റോബിൻസൺ, പുഷ്പ മനോജ്, സിബിൾ എഡ്വേഡ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എ.കെ ഷിബു, പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് കോരംകുളം, എം.പി.ടി.എ പ്രസിഡന്റ് ലീന ബാബു, വൈസ് പ്രസിഡന്റ് രാധിക ശ്രീരാഗ്, സി.സി ഷാലി, എം.പി.കെ ഗിരീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക പി.കെ റോസിലി സ്വാഗതവും സീനിയർ അസിസ്റ്റന്റ് സി.പി ശശികുമാർ നന്ദിയും പറഞ്ഞു. ഇതേ പശ്ചാത്തലത്തിൽ നിർമ്മലിന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'തരിയോട് ദ ലോസ്റ്റ് സിറ്റി' എന്ന ചരിത്ര സിനിമയിൽ ഭാഗമാവാൻ ചില വിദേശ സ്റ്റുഡിയോകളും വിദേശ താരങ്ങളും മുന്നോട്ട് വന്നത് വാർത്തയായിരുന്നു. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയായ 'വഴിയെ' ഉടൻ പുറത്തിറങ്ങുന്ന നിർമ്മലിന്റെ സിനിമയാണ്. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്റെ ആദ്യത്തെ ഇന്ത്യൻ സിനിമയെന്ന പ്രത്യേകതയും വഴിയെ എന്ന ചിത്രത്തിനുണ്ട്.