സുൽത്താൻബത്തേരി: വയലിൽ പുല്ലരിയാനിറങ്ങിയ പതിനഞ്ചുകാരനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി തൊടുവട്ടി വീട്ടിൽ ടി.കെ.ശശി - രേഖ ദമ്പതികളുടെ മകൻ ടി.എസ്.ഗോകുൽ (15) ആണ് മരിച്ചത്. പുല്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
വീട്ടിലെ പശുക്കൾക്കായി പുല്ല് കൊണ്ടുവരാൻ ഇന്നലെ രാവിലെ 11 മണിയോടെ വീടിനടുത്തുള്ള വയലിലേക്ക് പോയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നപ്പോൾ സഹോദരൻ അഭിനവ് അന്വേഷിച്ച് ചെന്നപ്പോഴാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുമ്പോഴേ മരണകാരണം വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു.