മാനന്തവാടി: തൃശിലേരി വില്ലേജിലെ 211 ഏക്കർ വരുന്ന കാട്ടിക്കുളത്തെ ആലത്തൂർ എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മൈക്കിൾ ഫ്‌ളോയ്ഡ് ഈശ്വർ നൽകിയ അപ്പീൽ സർക്കാർ തള്ളി. എസ്‌റ്റേറ്റിന്റെ ഉടമയായിരുന്ന ബ്രിട്ടീഷ് പൗരൻ എഡ്വിൻ ജൂബർട്ട് വാൻ ഇംഗൻ മരിക്കുന്ന സമയത്ത് അദ്ദേഹത്തിന് നിയമപരമായ അനന്തരാവകാശികൾ ഇല്ലായിരുന്നെന്നും അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ സർക്കാർ വ്യക്തമാക്കി.

2006 ഫെബ്രുവരിയിൽ മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസിൽ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് നടന്ന ഗിഫ്റ്റ് ഡീഡ് നിയമപരമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതോടെ ആലത്തൂർ എസ്‌റ്റേറ്റ് ഏറ്റെടുക്കൽ നടപടിക്ക് റവന്യൂ വകുപ്പിന്റെ മുന്നിലുണ്ടായിരുന്ന തടസ്സങ്ങൾ ഇല്ലാതായി.

എസ്‌റ്റേറ്റിന്റെ ഉടമ എഡ്വിൻ ജൂബർട്ട് വാൻ ഇംഗൻ 2013 മാർച്ച് 12ന് മരിച്ചപ്പോൾ അനന്തരവകാശികൾ ഇല്ലാത്തതിനാൽ എസ്‌റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്നതായി വയനാട് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് മൈസൂർ സ്വദേശി മൈക്കിൾ ഫ്‌ളോയ്ഡ് ഈശ്വർ അപ്പീൽ നൽകിയത്. ദത്തുപുത്രനായ തനിക്ക് എഡ്വിൻ ജൂബർട്ട് സമ്മാനമായി നൽകിയതാണ് ആലത്തൂർ എസ്‌റ്റേറ്റ് എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ദത്തുനടപടികളും എസ്‌റ്റേറ്റ് കൈമാറ്റവും നിയമപരമല്ലെന്ന് കണ്ടെത്തിയാണ് നേരത്തെ എസ്‌റ്റേറ്റ് സർക്കാർ ഏറ്റെടുത്തിരുന്നത്.

ബ്രിട്ടീഷ് വനിതയായ മെറ്റിൽഡ റോസാമണ്ട് ഗിഫോർഡും അവകാശവാദവുമായി ജില്ലാ കളക്ടറെ സമീപിച്ചിരുന്നു. ഇവർ ഹാജരാക്കിയ തെളിവുകൾ പരിശോധിച്ചതിന് ശേഷമാണ് എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള ഉത്തരവ് കളക്ടർ പുറപ്പെടുവിച്ചത്.

ഇവർ ഹൈക്കോടതിയെയും സമീപിച്ചെങ്കിലും കോടതി ജില്ലാ കലക്ടറുടെ നടപടി ശരിവെക്കുകയായിരുന്നു. ആലത്തൂർ എസ്‌റ്റേറ്റ് സർക്കാർ ഭൂമിയാകുന്നതോടെ സർക്കാരിന്റെ വിവിധ വികസന പദ്ധതികൾക്കായി ഈ ഭൂമി വിനിയോഗിക്കാൻ കഴിയും.