തിരുനെല്ലി: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അപ്പപ്പാറ എടയൂരിലുള്ള റിസോർട്ടിൽ വിനോദ സഞ്ചാരികളുമായി രാത്രി കാലങ്ങളിൽ അനധികൃതമായി നൈറ്റ് സഫാരി നടത്തുന്നതായി പരാതി. വന്യമൃഗങ്ങൾക്കു നേരേ ടോർച്ചടിച്ചും ബഹളം വച്ചും ശല്യപ്പെടുത്തുന്നതായും ഇതുമൂലം വന്യമൃഗങ്ങൾ കാട് വിട്ട് കൃഷിയിടത്തിലേക്ക് എത്തുന്നുവെന്നും കാണിച്ച് വനം മന്ത്രിക്കും സിസിഎഫിനും നിയമസഭാ പരിസ്ഥിതി കമ്മിറ്റിക്കും പ്രാദേശവാസികൾ പരാതി നൽകി. എന്നാൽ നിയമപരമായാണ് തങ്ങളുടെ പ്രവർത്തനമെന്നും ചിലർ വ്യക്തിതാത്പര്യപ്രകാരം വ്യാജ പരാതി ഉന്നയിക്കുന്നതാണെന്നുമാണ് റിസോർട്ട് അധികൃതർ പറയുന്നത്.
റിസോർട്ടിന്റെ വാഹനത്തിൽ തോൽപെട്ടി വൈൽഡ് ലൈഫിൽ പെടുന്ന വനത്തിലെ റോഡിൽ കൂടിയും, തിരുനെല്ലി ഫോറസ്റ്റിനു കീഴിൽ പെടുന്ന തിരുനെല്ലി ക്ഷേത്രം റോഡിലൂടെയും സ്ഥിരമായി രാത്രി സഫാരി നടത്തുന്നുവെന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. റിസോർട്ടിനെതിരെ മുൻപും പരാതികൾ ഉള്ളതായി ചൂണ്ടിക്കാട്ടി നൈറ്റ് സഫാരി നടത്തുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.
എന്നാൽ വനംവകുപ്പ്, റവന്യൂ, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളുടെ എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്ന് റിസോർട്ട് അധികൃതർ പറഞ്ഞു.