 
കാട്ടിക്കുളം: കുറുക്കൻമൂലയിൽ തുടക്കംകണ്ട 'ഒളിപ്പോര് " നാലാഴ്ച പിന്നിടാൻ പോവുകയാണ്. ഇപ്പോഴും കടുവയുടെ കാര്യത്തിൽ വനപാലകരെന്ന പോലെ പൊലീസ് പടയും വിയർക്കുകയാണ്. പലയിടത്തായി കാല്പാടുകൾ പതിപ്പിച്ച കടുവ കാട്ടിൽ കാണാമറയത്ത് തന്നെ.
വനം വകുപ്പുകാരിൽ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് പൊതുവെ കുറുക്കൻമൂല വാസികളും അയൽപ്രദേശത്തുകാരും. മയക്കുവെടിയ്ക്ക് ഇനി കടുവ സ്വയം കീഴടങ്ങേണ്ടി വരുമെന്ന പരിഹാസപ്രയോഗം പടർന്നിരിക്കുകയാണ് നാട്ടിൽ.
ഇന്നലെ വനത്തിൽ ജെ.സി.ബി ഉപയോഗിച്ച് അടിക്കാടുകൾ ഒതുക്കിയുള്ള പരിശോധന വരെ നടന്നതാണ്. അരിച്ചുപെറുക്കലിൽ പക്ഷേ, പ്രത്യേകിച്ച് ഒരു സൂചനയും ലഭിച്ചില്ല.
കുങ്കിയാനയും ഡ്രോണും ഏറ്റവുമൊടുവിൽ ഹിറ്റാച്ചിയും രംഗത്തിറക്കിയിട്ടും ഫലം തഥൈവ. ആറു ദിവസമായി വളർത്തുമൃഗങ്ങളൊന്നും കടുവയ്ക്ക് ഇരയായില്ലെന്നു മാത്രം.
അതിനിടെ, കഴുത്തിന് സാരമായ മുറിവുള്ള കടുവ കാട്ടിനകത്ത് അവശനിലയിൽ ചത്തുപോയെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്. വനപാലകർ കാട്ടിലും നാട്ടിലും കടുവയ്ക്കായി തെരച്ചിൽ നടത്തുന്നതൊഴിച്ചാൽ നാട്ടുകാർ വിവരം തേടുന്ന പതിവ് നിലച്ചിരിക്കുകയാണ്. ഈ തെരച്ചിൽ അനന്തമായി നീളുമെന്ന തോന്നലിലാണ് പ്രദേശവാസികൾ.
ഒന്നിലേറെ കടുവകളും ഇവയ്ക്ക് കുട്ടികളുമുണ്ടെന്ന സംസാരവുമുയർന്നിരിക്കുകയാണ്. രണ്ട് കടുവകളും രണ്ട് കുട്ടികളും ഈ വനഗ്രാമങ്ങളോടു ചേർന്ന് തമ്പടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പലരും പറയുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന ആക്ഷേപമാണ് ഇവരുടേത്.
കടുവകളെയും കുട്ടികളെയും തങ്ങൾ നേരിൽ കണ്ടെന്ന് കാവേരിപൊയിൽ കോളനി നിവാസികൾ ആണയിടുന്നു.
ഇവിടെ കുറിച്യ കോളനിയിലെ ബാബുവിന്റെ ഒന്നര വയസ്സുള്ള പോത്തിനെയും ഒന്നര വയസ്സുള്ള മൂരിക്കുട്ടനെയും ഒരു ദിവസം പുലർച്ചെ രണ്ടര മണിയോടെയാണ് കടുവ വക വരുത്തിയത്. അതേ ദിവസം തന്നെ പാതിരാത്രി കഴിഞ്ഞ് രണ്ടു കിലോമീറ്റർ അകലെ കുറുക്കൻമൂലയിലും കടുവ വളർത്തുമൃഗത്തെ ആക്രമിച്ചിരുന്നു. ഇതുതന്നെ രണ്ടു കടുവകൾ സ്ഥലത്തുണ്ടെന്നുള്ളതിന് തെളിവല്ലേയെന്നാണ് അവരുടെ ചോദ്യം.