
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ കാളിച്ചിറ നിവാസികൾക്ക് പുഴകടക്കാനുള്ള ഏക ആശ്രയം മുക്കാൽ നൂറ്റാണ്ട് പിന്നിട്ട മരപ്പാലം തന്നെ. എഴുപത്തിയഞ്ച് വർഷം മുമ്പ് പുഴയ്ക്ക് കുറുകനെയിട്ട മരത്തടിയിലൂടെയാണ് ഇന്നും പ്രദേശവാസികൾ അക്കരെ ഇക്കരെ കടക്കുന്നത്.
നൂറോളം വരുന്ന കാളിച്ചിറ നിവാസികൾക്ക് കോളൂർ, കല്ലുമുക്ക്, കല്ലൂർ എന്നിവിടങ്ങളിലേക്ക് പുഴ മുറിച്ച് കടക്കാതെ പോകണമെങ്കിൽ പിന്നെയുള്ള മാർഗം വനത്തിലൂടെയാണ്. വന്യമൃഗശല്യമുള്ളതിനാൽ ഈ യാത്ര സുരക്ഷിതമല്ലാത്തതിനാൽ കോളനിക്കാർ പുഴമുറിച്ച് കടന്നാണ് ഇവിടങ്ങളിലേക്ക് എത്തുന്നത്. 75 വർഷം മുമ്പ് സ്ഥാപിച്ച വീതികുറഞ്ഞ മരപ്പാലത്തിലൂടെ അക്കരെയെത്താൻ വലിയ അഭ്യാസം തന്നെ നടത്തണം. ഒന്ന് തെറ്റിയാൽ ഒഴുക്കുള്ള പുഴയിൽവീഴും.
പതിറ്റാണ്ടുകൾക്ക് മുമ്പ് മുത്തങ്ങയിൽ നിന്ന് ആനകളെ ഉപയോഗിച്ച് കൊണ്ടുവന്നിട്ട രണ്ട് തടികൾ ആണ് പാലം. പിന്നീട് പാലത്തിനോട് ചേർന്ന് ഒരു തടികൂടി ഏതാനും വർഷം മുമ്പ് ചേർത്തിടുക മാത്രമാണ് ചെയ്തത്. കൈവരിയില്ലാത്ത പാലത്തിലൂടെ തടിയിൽ ബാലൻസ് ചെയ്തുള്ള യാത്ര ഒട്ടും സുരക്ഷിതമല്ല.
മഴക്കാലമായാൽ തീർത്തും ഒറ്റപ്പെടുന്ന പ്രദേശമാണ് കാളിച്ചിറ. പാലമില്ലാത്തതിനാൽ ഇവിടെ അപകടങ്ങൾ സംഭവിക്കുകയും പലരുടെയും മരണത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഈ സമയങ്ങളിലൊക്കെ അധികൃതരെത്തി പുഴക്ക് കുറുകെ കോൺക്രീറ്റ് പാലം കെട്ടിത്തരാമെന്ന് പറഞ്ഞ് പോകുന്നതല്ലാതെ ഒന്നും നടക്കാറില്ലെന്നാണ് കോളനിക്കാർ പറയുന്നത്.
മരത്തടികൾകൊണ്ടുള്ള പാലം പലഭാഗങ്ങളിലും ദ്രവിച്ചിരിക്കുകയാണ്. ഇനിയൊരു അപകടമുണ്ടാകുന്നതിന് മുമ്പെങ്കിലും സുരക്ഷിതമായ കോൺക്രീറ്റ് നടപ്പാലം നിർമ്മിച്ച് നൽകണമെന്നാണ് ഇവരുടെ ആവശ്യം.