santhosh

സുൽത്താൻ ബത്തേരി: കൊയ്തിട്ട നെൽകതിരുകൾ കാട്ടാനകൂട്ടം നശിപ്പിച്ചു. കല്ലൂർ അറുപത്തിയെഴിൽ നെല്ലാത്താനത്ത് സന്തോഷിന്റെ വയലിൽ കൊയ്തിട്ട നെല്ലാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനകൂട്ടം നശിപ്പിച്ചത്. സുൽത്താൻ ബത്തേരി -മൈസൂർ ദേശീയപാതയോടുചേർന്നുള്ള പാടശേഖരത്തിലാണ് കാട്ടാന ഇറങ്ങിയത്. കഴിഞ്ഞ നാല് ദിവസങ്ങളിൽ തുടർച്ചയായി ഇറങ്ങിയ രണ്ട്‌ കൊമ്പൻമാരാണ് നെല്ല് നശിപ്പിച്ചത്.
തുടർച്ചയായ മഴകാരണം കൊയ്‌തെടുക്കാൻ പറ്റാതിരുന്ന നെല്ല് മഴ മാറിയതോടെയാണ് കൊയ്തത്. ചളിനിറഞ്ഞ വയലിൽ നിന്നും നെല്ല് കൊയ്ത് ഉണങ്ങുന്നതിനായി ഇട്ടിരിക്കുകയായിരുന്നു. ഇതാണ് കൊമ്പൻമാർ തിന്നും ചവിട്ടിയും നശിപ്പിച്ചത്. കൃഷിയിറക്കിയത് മുതൽ രാപ്പകൽ കാവലിരുന്നാണ് നെല്ല് വിളയിച്ചെടുത്തത്. ആനശല്യം കാരണം കൊയ്തിട്ട നെല്ലിന് കാവലിരുന്നങ്കിലും, ഇരുട്ടിന്റെ മറവിലെത്തിയ കാട്ടുകൊമ്പന്മാർ വയലിലിറങ്ങി നശിപ്പിക്കുകയായിരുന്നു. നെല്ല് നശിച്ചതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കർഷകൻ.