manikavu
മാനികാവ് സ്കൂളിൽ നിന്ന് പ്രകൃതി പഠനവും

കേണിച്ചിറ: പ്രകൃതി പഠനത്തിനും മാതൃകയായി മാനികാവ് എൻ.എ.എ യു.പി സ്‌കൂൾ. നാലര ഏക്കർ വരുന്നതാണ് വളപ്പ്. നൈസർഗിക വനത്തിനു സമാനമാണ് ഇവിടത്തെ കെട്ടിടങ്ങളും കളിസ്ഥലവും ഒഴികെയുള്ള ഭാഗങ്ങൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള നാട്ടുമാവും പ്ലാവും പേരാലും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നട്ടുപരിപാലിച്ച മറ്റിനം മരങ്ങളും ഔഷധ പ്രാധാന്യമുള്ള ചെടികളും. അതിരുകളിൽ മുളങ്കൂട്ടങ്ങൾ. പ്രഭാത നടത്തത്തിനും സായാഹ്നം ചെലവഴിക്കുന്നതിനും വിദൂര ദിക്കുകളിൽനിന്നുപോലും ആളുകൾ മാനികാവിലേക്ക് എത്തുന്നു. വിദ്യാലയവളപ്പിനു ചുറ്റുമായി നട്ടുവളർത്തിയ മുളങ്കൂട്ടങ്ങൾക്കിടയിലൂടെ മൂന്നടി വീതിയിൽ നടപ്പാത നിർമിച്ചിട്ടുണ്ട്. ഫോട്ടോ ഷൂട്ടിനും ആളുകൾ മാനികാവിലെത്തുന്നുണ്ട്.

പട്ടികവർഗത്തിലെ കുണ്ടുവാടിയൻ വിഭാഗത്തിൽപ്പെട്ട പേ മുത്തൻ 1952ൽ ആരംഭിച്ചതാണ് മാനികാവിലെ വിദ്യാലയം. മാനികാവ് ദേവസ്വം ഏറ്റെടുത്ത വിദ്യാലയം 1957ൽ യു.പിയായി ഉയർത്തി. ഏഴു വരെ ക്ലാസുകളിലായി 190 വിദ്യാർഥികളുണ്ട്. മാനികാവ് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ഇ.നാരായണൻ നമ്പീശനാണ് മാനേജർ.

#

1986 മുതൽ നടന്നുവരുന്നതാണ് വിദ്യാലയത്തിൽ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനം. നേച്ചർ ക്ലബിന്റെ നേതൃത്വത്തിലാണ് വിദ്യാലയവളപ്പിൽ മരങ്ങളും ചെടികളും നട്ടുപരിപാലിക്കുന്നതിനു തുടക്കമിട്ടത്. അദ്ധ്യാപകൻ എം.ആർ.വിജയന്റെ ചുമതലയിലായിരുന്നു നേച്ചർ ക്ലബിന്റെ പ്രവർത്തനം.

ഹെഡ് മാസ്റ്റർ എം.കെ.അനിൽകുമാർ

#

പ്രധാനാദ്ധ്യാപകനായി വിരമിച്ച പി.വി.പൗലോസിന്റെ നേതൃത്വത്തിൽ 1998ലാണ് വിദ്യാലയത്തിന്റെ അതിരുകളിൽ മുളവത്കരണം നടത്തിയത്. ഇപ്പോൾ 33 ഇനം മുളകൾ ഇവിടെയുണ്ട്. മുള്ളില്ലാ ഇനങ്ങളാണ് അധികവും.

2017ൽ ധനമന്ത്രിയായിരുന്ന തോമസ് ഐസകിന്റെ സന്ദർശത്തിന് പിന്നാലെയാണ് വിദ്യാലയത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കി വൃക്ഷസസ്യ സംരക്ഷണ പരിപാടികൾ ആരംഭിച്ചത്. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയനാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മന്ത്രിയുടെ നിർദേശം മുഖവിലയ്‌ക്കെടുത്ത സ്‌കൂൾ അധികൃതർ പ്രത്യേകം എൻജിനിയറെ നിയോഗിച്ചാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്.

മീനങ്ങാടി പഞ്ചായത്ത്, ഡോ.എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷൻ, സാമൂഹിക വനവത്കരണ വിഭാഗം എന്നിവയുടെ പിന്തുണയുമുണ്ട്. മീനങ്ങാടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ 14 ലക്ഷം രൂപയുടെ പ്രവൃത്തികൾ വിദ്യാലയ വളപ്പിൽ നടത്തി.

അരയാൽ, വെണ്ടേക്ക്, കുമിഴ്, നീർമരുത്, മഴമരം എന്നറിയപ്പെടുന്ന ബുൾഗാന, ഗുൽമോഹർ, പെരിവട്ട എന്നിങ്ങനെ നീളുന്നതാണ് സ്‌കൂൾ വളപ്പിൽ നട്ടുവളർത്തുന്ന വൃക്ഷനിര. കുട്ടികൾക്കായി മരങ്ങളിൽ ഊഞ്ഞാലുകൾ കെട്ടിയിട്ടുണ്ട്.