con

ആലപ്പുഴ: ടാർ, സിമന്റ്, സ്റ്റീൽ, പി.വി.സി പൈപ്പുകൾ, ഡീസൽ, പെട്രോൾ തുടങ്ങിയവയുടെ വില വർദ്ധന നി‌ർമ്മാണ മേഖലയുടെ അടിത്തറ ഇളക്കി. കരാറുറപ്പിച്ചതിന് ശേഷം ഉണ്ടാകുന്ന അസാധാരണ വില വർദ്ധനയ്ക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെങ്കിലും ഉത്തരവുകളിലെ അവ്യക്തത മൂലം നയാപൈസ ലഭിക്കാത്തത് കരാറുകാരെയും വലയ്ക്കുന്നു.

അസാധാരണ വില വർദ്ധനയ്ക്ക് ആനുപാതികമായി നഷ്ട പരിഹാരം നൽകുന്നതിനുള്ള വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉൽപ്പെടുത്തണമെന്നാണ് കരാറുകാരുടെ ആവശ്യം. ജനലുകൾക്ക് ഉപയോഗിക്കുന്ന അലൂമിനിയം ഒരു ചതുരശ്ര അടിക്ക് 140 രൂപയായിരുന്നിടത്ത് ഇപ്പോൾ 240 രൂപ നൽകണം. ഇത് സ്റ്റീൽ സ്ട്രക്‌ച്ചേഡ് വീടുകൾക്കും തിരിച്ചടിയായി. പി.വി.സി പൈപ്പുകളുടെ വിലയിൽ 30 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പെയിന്റിനും വില കൂടി. ടൈലുകൾക്ക് ചതുരശ്ര അടിക്ക് 46 രൂപയായി.

മലബാർ സിമന്റിന് കഴിഞ്ഞദിവസം ചാക്കിന് 20 രൂപ വില കുറച്ചത് മാത്രമാണ് ഏക ആശ്വാസം. മലബാർ സിമന്റിന്റെ ഉത്പാദനം 25 ശതമാനം വർദ്ധിപ്പിച്ച് പൊതുവിപണിയിൽ ഇടപെടൽ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കണക്കുകൂട്ടലുകൾ തെറ്റിച്ച് വില കുതിച്ചുയരുന്നത് വീടെന്ന സ്വപ്നം പൂവണിയിക്കാൻ കൊള്ളപ്പലിശയ്ക്ക് വായ്പയെടുത്ത സാധാരണക്കാരെയാണ് അടിതെറ്റിച്ചത്.

വില്ലനായത് വിലക്കയറ്റം

1. നിർമ്മാണ സാമഗ്രികൾക്ക് ഇരട്ടിയോളം വില ഉയർന്നു

2. സംസ്ഥാനത്ത് 2016ലെ നിരക്കിലാണ് ഇപ്പോഴും അടങ്കൽ തയ്യാറാക്കുന്നത്

3. പൊതുമരാമത്തും മറ്റ് നിർമ്മാണ വകുപ്പുകളും ഇതേ ഷെഡ്യൂളാണ് പിന്തുടരുന്നത്

4. ഇത് വിപണി നിരക്കുമായി പൊരുത്തപ്പെടില്ല

5. 2021ലെ കേന്ദ്ര നിരക്കുകൾ (ഡി.എസ്.ആർ) പ്രസിദ്ധീകരിച്ചെങ്കിലും നടപ്പാക്കിയില്ല

6. 2021ലെ പുതുക്കിയ നിരക്കാണ് പൊരുത്തപ്പെടുന്നത്

സർക്കാർ ഇടപെടണം

ഇന്ധന വിലവർദ്ധനവും ജി.എസ്.ടിയും മൂലം അസംസ്കൃത വസ്തുക്കളുടെ വില കൂടുന്നതാണ് നിർമ്മാണ സാമഗ്രികളെ ബാധിക്കുന്നത്. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാവണം. വിലക്കയറ്റം രൂക്ഷമായതോടെ എസ്റ്റിമേറ്റ് തുക 10 ശതമാനം വർദ്ധിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല.

വില പഴയതും പുതിയതും

ഒരുബാരൽ ടാർ: ₹ 5000 - 8000

സിമന്റ്: ₹ 320 - 360

കമ്പി: 53 - 72

""

നിർമ്മാണ വസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിന് വില നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണം. പെട്രോൾ, ഡീസൽ എന്നിവ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണം. ജി.എസ്.ടി നിരക്കും ഇൻപുട്ട് ടാക്സ് ക്രെഡിറ്റും ലഭിച്ചാലേ നീതി ലഭിക്കൂ. പല സ്ഥലത്തും നിർമ്മാണം നിറുത്തി വച്ചിരിക്കുകയാണ്.

ഷിബു , കോൺട്രാക്ടർ

""

ക്രമാതീതമായ വില വർദ്ധനവ് മൂലം ബ‌ഡ്ജറ്റ് താളം തെറ്റുകയാണ്. വായ്പയെടുത്താണ് വീടുപണി ആരംഭിച്ചത്. നിർമ്മാണം മുടങ്ങുന്ന അവസ്ഥയിലാണ്.

എം.മോഹനൻ, തലവടി