മാവേലിക്കര: ചെട്ടികുളങ്ങരയിൽ സനാതന ധർമ്മസേവാസംഘം നടത്തുന്ന മകര ഭരണി മഹോത്സവം ഫെബ്രുവരി 1 മുതൽ 8 വരെ നടക്കും. ഫെബ്രുവരി 1ന് വൈകിട്ട് 5ന് സപ്താഹ യജ്ഞവും മകരഭരണി മഹോത്സവവും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. സനാതന ധർമ്മസേവാസംഘം പ്രസിഡന്റ് അഡ്വ.നമ്പിയത്ത് എസ്.എസ് പിള്ള അദ്ധ്യക്ഷനാവും. ചെട്ടികുളങ്ങര അമ്മ സനാതന ധർമ്മ പുരസ്കാര വിതരണം നടക്കും. പുരസ്കാര ജേതാവ് ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പുരസ്കാരം സമർപ്പിക്കും. 7.30ന് ഭദ്രദീപം തെളിയിച്ച് സപ്താഹ യജ്ഞം ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 2 മുതൽ സപ്താഹ യജ്ഞം ആരംഭിക്കും. ദിവസവും ഉച്ചയ്ക്ക് 1ന് അന്നദാനം നടക്കും. 3ന് വൈകിട്ട് 5ന് സനാതന ധർമ്മസേവാസംഘം സ്ഥാപകൻ വിദ്വാൻ എസ്.രാമൻ നായർ അനുസ്മരണം സ്പിന്നിംഗ് മിൽ ചെയർമാൻ എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ.ചേരാവള്ളി ശശി മുഖ്യപ്രഭാഷണം നടത്തും. 4ന് വൈകിട്ട് 5ന് ഡോ.പ്രദീപ് ഇറവങ്കരയുടെ മത പ്രഭാഷണം, 6ന് രാവിലെ രുഗ്മിണി സ്വയംവരം, 7ന് രാവിലെ കുചേല സദ്ഗതി എന്നിവ നടക്കും.

സമാപന ദിവസമായ 8ന് രാവിലെ 11 മുതൽ മകരഭരണി സദ്യ. എൻ.എസ്.എസ് താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.കെ.എം രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് അവഭൃഥസ്നാന ഘോഷയാത്ര. വൈകിട്ട് 7ന് സനാതന ധർമ്മസേവാസംഘം വാർഷിക സമ്മേളനം. മുൻ അംബാസിഡർ ടി​.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. ചികിത്സാ സഹായ വിതരണം ഡോ.ബി പത്മകുമാറും സ്കോളർഷിപ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പും നിർവഹിക്കും.