ആലപ്പുഴ: കൊവിഡിനെ തുടർന്ന് അടച്ച പൊലീസ് എയ്ഡ് പോസ്റ്റ് 24മണിക്കൂറും കൃത്യമായി തുറക്കാത്തതിനാൽ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ക്രിമനലുകളുടെയും അക്രമികളുടെയും താവളമാകുന്നു. രാവും പകലും പോക്കറ്റടിക്കാരും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുന്നു.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്റെ നിയന്ത്രണത്തിലാണ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്. ബസ് സ്റ്റേഷന്റെ തുടക്കം മുതൽ പ്രധാനപ്പെട്ട ഭാഗത്ത് സുരക്ഷിതമായ മുറിയാണ് കെ.എസ്.ആർ.ടി.സി എയ്ഡ് പോസ്റ്റിനായി നൽകിയത്. കൊവിഡിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിയത്.
രണ്ടാഴ്ച്ച, മോഷണങ്ങൾ 20+
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഇരുപതിലധികം പേരുടെ പണവും ആഭരണങ്ങളും പോക്കറ്റടിക്കാർ കവർന്നതായി കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. പൊലീസിന്റെ സാന്നിദ്ധ്യം ബസ് സ്റ്റേഷനിൽ ഇല്ലാത്തതിനാൽ കൊലയും അക്രമവും നടത്തിയ ശേഷം എത്തുന്ന പ്രതികൾക്ക് ആരെയും ഭയക്കാതെ സുരക്ഷിതമായി രക്ഷപെടാൻ കഴിയുമെന്ന സ്ഥിതിയാണ്. രാത്രിയിൽ മദ്യപിച്ച് എത്തുന്ന സാമൂഹ്യ വിരുദ്ധർ യാത്രക്കെർക്ക് നേരെ അസഭ്യം പറയലും കെെയേറ്റ ശ്രമവും പതിവാണ്.
അനക്കമില്ലാതെ പൊലീസ് അധികൃതർ
നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ 54ദിവസത്തെ ലോക്ക്ഡൗണിന് ശേഷം കെ.എസ്.ആർ.ടി.സി ഭാഗികമായി സർവീസ് ആരംഭിച്ചപ്പോൾ എയ്ഡ് പോസ്റ്റ് തുറക്കുന്നതിൽ അധികാരികൾ നടപടി സ്വീകരിച്ചില്ല. ഇതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്കും സൗത്ത് സ്റ്റേഷനിലും രേഖാമൂലം കെ.എസ്.ആർ.ടി.സി അധികാരികൾ കത്ത് നൽകി. എന്നിട്ടും പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം ആരംഭിച്ചതുമില്ല. ഇപ്പോൾ പകൽ സമയങ്ങളിൽ വല്ലപ്പോഴുമാണ് എയ്ഡ് പോസ്റ്റ് തുറക്കുന്നത്. രാത്രികാലത്ത് പൂർണമായും അടഞ്ഞു തന്നെ കിടക്കുന്നു.
ജില്ലയിലെ ഇരട്ടക്കൊലയെ തുടർന്ന് വാഹന പരിശോധന ശക്തമാക്കിയെങ്കിലും ബസ് സ്റ്റേഷനിൽ എത്തുന്ന സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പൊലീസിന്റെ സാന്നിദ്ധ്യം ഇല്ലാത്തതിനാൽ യാത്രക്കാർക്കും ജീവനക്കാർക്കും ഭീഷണിയാണ്. ഇരട്ടകൊലയെ തുടർന്ന് കൂടുതൽ പേരെ വാഹനപരിശോധനക്ക് നിയോഗിക്കേണ്ടി വന്നതിനാലാണ് എയ്ഡ് പോസ്റ്റ് 24മണിക്കൂറും പ്രവർത്തിപ്പിക്കാൻ കഴിയാത്തതെന്നാണ് വിവരം. വൈകാതെ പഴയനിലയിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പൊലീസ് അധികാരികൾ പറയുന്നത്.
..................
" കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നിരവധി പേരാണ് പണവും ആഭരണങ്ങളും അടങ്ങിയ പേഴ്സും മറ്റും പകലും രാത്രിയിലുമായി മോഷണം പോയതായി പരാതിയുമായി എത്തിയത്. എയ്ഡ് പോസ്റ്റ് തുറക്കുന്നതിനായി പൊലീസ് അധികാരികളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
എ.ടി.ഒ, കെ.എസ്.ആർ.ടി.സി, ആലപ്പുഴ