
ആലപ്പുഴ: വാഹന യാത്രയിൽ നിയമസംവിധാനങ്ങൾ കർശനമാക്കിയിട്ടും, കുട്ടികളുടെ സുരക്ഷാകാര്യത്തിൽ രക്ഷിതാക്കൾക്ക് ഇപ്പോഴും ഉത്തരവാദിത്തമില്ലാത്ത കാഴ്ചകളാണെങ്ങും. ഇരുചക്ര വാഹനത്തിന് മുന്നിലെ പെട്രോൾ ടാങ്കിന് മുകളിൽ ഇരുത്തിയും നാലുചക്ര വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഇല്ലാതെയുമുള്ള യാത്രകൾ സ്ഥിരം കാഴ്ചയാകുന്നു.
ചെറിയ കുട്ടികളുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ സുരക്ഷാ ബെൽറ്റും ഹെൽമെറ്റും കുട്ടികളെ ധരിപ്പിക്കണമെന്ന കരട് വിജ്ഞാപനം വന്നെങ്കിലും കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അമ്മമാർ ചെറിയ കുട്ടികളെ മുന്നിൽ നിറുത്തി ടൂവീലറിൽ റോഡിലിറങ്ങുന്നതും വർദ്ധിച്ചിട്ടുണ്ട്.
2019ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലെ മോട്ടോർ വാഹന നിയമപ്രകാരം 4 വയസിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം. എന്നാൽ പലരും കുട്ടികൾക്കായി ഹെൽമെറ്റ് വാങ്ങുന്നതിൽ വിമുഖത കാണിക്കുന്നത് ദുരന്തത്തിന് കാത്തിരിക്കുന്നതിന് തുല്യമാണ്.
കുട്ടികളുള്ളപ്പോൾ യാത്ര കൂടുതൽ ശ്രദ്ധിക്കണം
1. കുട്ടികളെ നിർബന്ധമായും ഹെൽമെറ്റ് ധരിപ്പിക്കുക
2. ചെറുപ്പത്തിലേ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിപ്പിച്ച് ശീലിപ്പിക്കുക
3. കാറിൽ 14 വയസിന് മുകളിലുള്ളവർക്ക് സീറ്റ് ബെൽറ്റും ഇതിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ചൈൽഡ് റീസ്ട്രെയിന്റ് സിസ്റ്റവും ഉപയോഗിക്കുക
4. സ്വന്തം ശരീരത്തിനും സ്റ്റിയറിംഗിനും ഇടയിൽ കുട്ടികളെ ഇരുത്തുന്നത് ഒഴിവാക്കണം
5. കുട്ടികളെ പിന്നിലെ സീറ്റിൽ ഇരുത്തുക
6. കുട്ടികൾ പിൻസീറ്റിലുള്ളപ്പോൾ ചൈൽഡ് ലോക്ക് ഉപയോഗിക്കുക
7. വാഹനം നിറുത്തി ഇറങ്ങുമ്പോൾ വലത് വശത്തേക്കുള്ള ഡോർ തുറന്നിറങ്ങുന്നത് ഒഴിവാക്കുക
8. കുട്ടികൾ വാഹനത്തിന് ചുറ്റിലും ഓടിക്കളിക്കുന്നതും നിരുത്സാഹപ്പെടുത്തുക
""
18 വയസിൽ താഴെയുള്ള കുട്ടികളെക്കൊണ്ട് വാഹനം ഓടിപ്പിക്കരുത്. കുട്ടികൾ വാഹനം ഓടിച്ചാൽ 35000 രൂപ പിഴയും രക്ഷിതാവിന് മൂന്നുവർഷം വരെ ജയിൽ ശിക്ഷയും കിട്ടാവുന്ന കുറ്റമാണ്. വാഹനത്തിന്റെ രജിസ്ട്രേഷനും രക്ഷിതാവിന്റെ ലൈസൻസും റദ്ദ് ചെയ്യും. ഈ കുട്ടിക്ക് 25 വയസിന് ശേഷമേ ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ.
മോട്ടോർ വാഹന വകുപ്പ് അധികൃതർ