മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിന്റെ 42ാമത് വാർഷിക പൊതുയോഗം അഞ്ച് വർഷത്തിന് ശേഷം നടത്തിയപ്പോൾ ഭരണ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും വിട്ടുനിന്നത് ഭരണ സമിതിയോടുള്ള അവിശ്വാസം കാരണമാണെന്ന് മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ തട്ടിപ്പിനിരയായ നിക്ഷേപകരുടെ കൂട്ടായ്മ കുറ്റപ്പെടുത്തി.
ബാങ്ക് ഭരണ സമിതി ഗവൺമെന്റിന് മുൻപിൽ സമർപ്പിച്ചിരിക്കുന്ന പാക്കേജ് നിക്ഷേപകരുമായി ചർച്ച ചെയ്തിട്ടില്ല. മുഖ്യ പ്രതികളുടെയും മുൻ ഭരണ സമിതി അംഗങ്ങളുടേയും പേരിൽ വന്ന റവന്യു റിക്കവറി ഉത്തരവ് നടപ്പാക്കാനോ വായ്പാ കുടിശിക വരുത്തിയ വൻ വായ്പക്കാരുടെ കിട്ടാക്കടം തിരികെ പിടിക്കാനോ ഫലപ്രദമായ യാതൊരു നടപടികളും ഭരണ സമിതിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.
ബാങ്ക് ആസ്തിയുടെ ഒരുഭാഗം ലേലം ചെയ്യാൻ വാർഷിക റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ വില നിർണ്ണയം സംബന്ധമായവ റിപ്പോർട്ടിൽ വ്യക്തമാക്കാത്തതിൽ ദുരൂഹതയുണ്ട്. ബാങ്ക് ഹെഡ് ഓഫീസിനു മുൻപിൽ അനിശ്ചിതകാല സമരം ആരംഭിച്ച് 18 ദിവസം കഴിഞ്ഞിട്ടും ബാങ്ക് അധികൃതരോ, സഹകരണ വകുപ്പോ പ്രശ്ന പരിഹാരത്തിന് പറ്റിയ ഒരു നിർദ്ദേശവും മുന്നോട്ട് വയ്ക്കുന്നില്ല. നഷ്ടപ്പെട്ട പണം തിരികെ കിട്ടാൻ വ്യക്തമായ ഉറപ്പ് ലഭിക്കുന്നത് വരെ ശക്തമായ സമര പരിപാടികളുമായി മുമ്പോട്ട് പോകുമെന്നും നിഷ്ക്രിയ ഭരണ സമിതി രാജിവച്ചൊഴിയണമെന്നാണ് ആവശ്യമെന്നും നിക്ഷേപക കൂട്ടായ്മ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിക്ഷേപക കൂട്ടായ്മ കൺവീനർ ബി.ജയകുമാർ, അഡ്വ.എം.വിനയൻ, വി.ജി.രവീന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.