
ആലപ്പുഴ: സ്ത്രീധനത്തോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തി സ്ത്രീധന പീഡനങ്ങളും ആത്മഹത്യകളും കുറയ്ക്കുന്നതിന് കുടുംബശ്രീയുടെ 'സ്ത്രീപക്ഷ നവകേരളം' കാമ്പയിന് ജില്ലയിൽ തുടക്കമായി. മാർച്ച് എട്ടുവരെയാണ് കാമ്പയിൻ. ആദ്യ ആഴ്ചകളിൽ ജില്ലയിലെ 22,344 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും 1320 ഓളം ഓക്‌സിലറി ഗ്രൂപ്പുകളിലുമായി 'സ്ത്രീധനവും അതിക്രമവും' എന്ന വിഷയത്തിൽ ചർച്ച നടത്തും.
കാമ്പയിനിൽ ഉയരുന്ന ആശയങ്ങൾ മുൻനിറുത്തി എല്ലാ ജില്ലകളിൽ നിന്നുമുള്ള സ്ത്രീപക്ഷ കർമ്മ പദ്ധതി അവതരിപ്പിക്കും. കാമ്പയിന്റെ സമാപനത്തിന് ശേഷവും അയൽക്കൂട്ട തല സ്ത്രീപക്ഷ ആലോചനാ യോഗങ്ങൾ, വാർഡുതല സ്ത്രീപക്ഷ കൂട്ടായ്മകൾ, പഞ്ചായത്ത് - നഗരസഭാ തലത്തിൽ സ്ത്രീശക്തീ സംഗമം, ജില്ലാതല സ്ത്രീപക്ഷ നവകേരള സംഗമം, സ്‌കൂൾ കോളേജ്, വാർഡുതല ജൻഡർ ക്ലബ് രൂപവത്കരണം തുടങ്ങിയവയും സംഘടിപ്പിക്കും.
സ്ത്രീപക്ഷ നവകേരളം കാമ്പയിൻ മൂന്നുമാസം
1. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് അയൽക്കൂട്ട തലത്തിലുള്ള പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി
2. കോളേജ് വിദ്യാർത്ഥികൾ, യുവജന സംഘടനകൾ, പ്രാദേശിക കലാ-കായിക സംഘടനകൾ, രാഷ്ട്രീയ -സാമൂഹിക- സാംസ്‌കാരിക രംഗത്തുള്ളവരെ ഉൾപ്പെടുത്തും
3. പോസ്റ്റർ കാമ്പയിൻ, സോഷ്യൽ മീഡിയ ചലഞ്ച്, ചുവർചിത്ര കാമ്പയിൻ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുള്ള വെബിനാർ, സർവേ, വാഹനറാലി, കാർട്ടൂൺ സീരീസ് എന്നിവ നടത്തും
4. കാമ്പയിൻ മൂന്നരമാസം നീളും
5. കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് അന്തർദേശീയതലത്തിൽ സ്ത്രീശാക്തീകരണ മേഖലയിലെ പ്രമുഖരെ ഉൾപ്പെടുത്തി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കും
''
സമൂഹത്തിൽ ഇപ്പോൾ നിലനിൽക്കുന്ന വിപത്താണ് സ്ത്രീധന പീഡനവും കൊലപാതകവും. ഇതിനെതിരെയുള്ള ബോധവത്കരണമാണ് 'സ്ത്രീപക്ഷ നവകേരളം'കാമ്പയിനിലൂടെ നൽകുന്നത്.
അജയകുമാർ, കുടുംബശ്രീ അസി. ജില്ലാ കോ ഓർഡിനേറ്റർ