
വി.ടി. രാജേഷ് ഏരിയ സെക്രട്ടറി
ആലപ്പുഴ: വിഭാഗീയത നിഴലിച്ച സി.പി.എം ആലപ്പുഴ നോർത്ത് ഏരിയ സമ്മേളനത്തിൽ പി.പി. ചിത്തരഞ്ജൻ വിഭാഗത്തെ പരാജയപ്പെടുത്തി സജി ചെറിയാൻ വിഭാഗം കമ്മിറ്റി പിടിച്ചെടുത്തു. നിലവിലെ ഏരിയ സെക്രട്ടറി വി.ബി. അശോകനെ മാറ്റി വി.ടി. രാജേഷിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഒരു ടേം മാത്രം പൂർത്തിയാക്കിയ ഏരിയ സെക്രട്ടറിയെ മാറ്റി പുതിയൊരാളെ തിരഞ്ഞെടുത്തത് ജില്ലയിൽ ആദ്യമായാണ്.
ഒൗദ്യോഗിക പാനലിനെതിരെ മത്സരിച്ച നഗരസഭ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ബാബു, കൗൺസിലർ എം.ആർ. പ്രേം ഉൾപ്പെടെ 14 പേരും തോറ്റു. മന്ത്രി സജി ചെറിയാൻ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ എന്നിവർക്കെതിരെ ചേരിതിരിഞ്ഞ് അംഗങ്ങൾ വിമർശനമുന്നയിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങളുണ്ടായതോടെ ഒരു മണിക്കൂർ സമ്മേളനം നിറുത്തി വയ്‌ക്കേണ്ടിയും വന്നു. ചാത്തനാട്ട് ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ ഒരു ഏരിയ കമ്മിറ്റി അംഗത്തിന് പങ്കുണ്ടെന്ന ആരോപണവും ഉയർന്നു. ജില്ലാ കോടതി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.സി. തമ്പി, പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം. ഇക്ബാൽ എന്നിവരും ഒൗദ്യോഗിക പാനലിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. ഇവർ രണ്ടു പേർ മാത്രമാണ് ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടാത്ത ലോക്കൽ സെക്രട്ടറിമാർ.
വി.ടി. രാജേഷ്, വി.ബി.അശോകൻ, വി.എസ്. മണി, കെ.കെ.ജയമ്മ, കെ.കെ.സുലൈമാൻ, കെ. സോമനാഥപിള്ള, ടി.വി.ശാന്തപ്പൻ, എ.ഷാനവാസ്, ഡി.സുധീഷ്, സാം തോമസ്, കെ.ജെ പ്രവീൺ, വി.എം.ഹരിഹരൻ, പി.ജെ.ആന്റണി, പി.ആർ.അൻസിൽ, പി.എച്ച്. അബ്ദുൾ ഗഫൂർ, അമൃതാഭായി പിള്ള, കെ.എക്‌സ് ജോപ്പൻ, രവീന്ദ്രൻ, നരേന്ദ്രൻ നായർ എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. അഞ്ചംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. പൊതുസമ്മേളനം സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്‌തു.