g

ആലപ്പുഴ : വേനലെത്തും മുമ്പേ വേമ്പനാട്ട് കായലിലും ഇടത്തോടുകളിലും ജലനിരപ്പ് താഴ്ന്നു തുടങ്ങിയത് ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകളെ ബാധിക്കുന്നു. മുമ്പ് പോള തിങ്ങിക്കിടന്നിരുന്നതാണ് ബോട്ട് സർവീസിന് തടസം സൃഷ്ടിച്ചിരുന്നതെങ്കിൽ, ഇപ്പോൾ ചൂട് കാരണം കായലിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞതോടൊപ്പം പോള ചീയുന്നതും തിരച്ചടിയായി. ചീഞ്ഞ പോള അടിത്തട്ടിലേക്ക് പോകാതെ ജലോപരിതലത്തിൽ കിടക്കും. കുട്ടനാടൻ പ്രദേശങ്ങളിൽ അഴുകിയ പോളയോടൊപ്പം പ്ലാസ്റ്റിക് മാലിന്യവും തിങ്ങി നിറഞ്ഞ് ബോട്ടിന്റെ പ്രൊപ്പല്ലറിൽ കുടുങ്ങുന്നുണ്ട്. ഹൗസ് ബോട്ട് സർവീസിനെയും ഇത് ബാധിക്കുന്നുണ്ട്.
വെള്ളക്കുറവ് കാരണം ബോട്ടിന്റെ വേഗത കുറച്ചാണ് ഇപ്പോൾ സഞ്ചാരം. ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് നടക്കുന്ന മുഹമ്മ, പെരുമ്പളം, തുടങ്ങിയ ഫെറികളിലും ജലപാതകളിലും ജലഗതാഗതം ദുഷ്‌കരമാണ്. പോളയ്ക്ക് പുറമേ കനത്തതോതിൽ വളർന്ന പുല്ലുകൂട്ടങ്ങൾചീഞ്ഞതും കാരണം വെള്ളത്തിന് കടുത്തദുർഗന്ധമാണ്. ഈ വെള്ളം തുണികഴുകാൻ പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് പ്രദേശവാസികൾ പറയുന്നു. എ.സി റോഡിന്റെ നവീകരണം നടക്കുന്നതിനാൽ കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലുള്ളവർ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

താപനില കൂടിയത് തിരിച്ചടിയായി

1.മുമ്പ് മാർച്ച് ,ഏപ്രിലിലാണ് കായലിലെ ജലനിരപ്പ് കുറയുന്നത്

2.കഴിഞ്ഞ രണ്ടാഴ്ചയായി 31- 34 ഡിഗ്രിയാണ് ജില്ലയിൽ താപനില

3.വേനൽ കടക്കുകയാമെങ്കിൽ ബോട്ട് യാത്ര കൂടുതൽ ദുഷ്കരമാകും

4.ജലനിരപ്പ് കുറഞ്ഞത് മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കും.

'' ജലനിരപ്പ് കുറഞ്ഞതിനൊപ്പം പോളപ്പായൽ അഴുകി കായലിന്റെ ഉപരിതലത്തിൽ കിടക്കുകയാണ്. പല പ്രദേശങ്ങളിലും സർവീസ് നടത്തുന്നത് ബുദ്ധിമുട്ടാണ്. മാലിന്യം പ്രൊപ്പല്ലറിൽ കുടുങ്ങിയാൽ യന്ത്രത്തകരാറിനും ഇടവരുത്തും.

-(ജലഗതാഗത വകുപ്പ് അധികൃതർ,ആലപ്പുഴ)