
ആലപ്പുഴ: ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഗണ്യമായ മുന്നേറ്റം കൈവരിക്കാൻ സമീപ വർഷങ്ങളിൽ സംസ്ഥാനത്തിന് സാധിച്ചെന്ന് ആരോഗ്യ മന്ത്രി വീണാജോർജ് പറഞ്ഞു. തുറവൂർ താലൂക്ക് ആശുപത്രിയിലെ ആധുനിക ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോഗ്യ മേഖലയിൽ നടപ്പാക്കിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു. തുറവൂർ താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയായി. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ, ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.വി. ബാബു, തുറവൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. റൂബി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എച്ച്. സക്കീർ ഹുസൈൻ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഡയാലിസിസ് യൂണിറ്റിൽ 15 ഡയാലിസിസ് യന്ത്രങ്ങളാണുള്ളത്. കിഫ്ബിയാണ് ഫണ്ട് അനുവദിച്ചത്. ചികിത്സക്കെത്തുന്ന രോഗികൾക്ക് മരുന്നുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ സൗജന്യമാണ്.