
ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശേരി ദേശീയ ജലപാതയിലെ കെ.സി പാലം പൊളിച്ചുനീക്കി പുതിയപാലം പണിയാൻ അനുമതി ലഭിച്ചിട്ട് ഒന്നര വർഷത്തിലധികമായിട്ടും സർക്കാർ തുടർനടപടി സ്വീകരിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
രണ്ട് പ്രളയക്കെടുതികൾ നേരിടേണ്ടി വന്ന ചങ്ങനാശേരി, കുട്ടനാട് നിവാസികളുടെ വളരെ നാളുകളായുള്ള ആവശ്യം നടപ്പാക്കുന്നതിനായി കേന്ദ്ര സർക്കാരിലും ഷിപ്പിംഗ് മന്ത്രാലയത്തിലും താൻ നിരന്തര സമ്മർദ്ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കെ.സി പാലം പൊളിച്ചുപണിയുന്നതിന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അനുമതി നൽകിയതെന്ന് എം.പി പറഞ്ഞു. എത്രയും വേഗത്തിൽ പഴയ പാലം പൊളിച്ചുമാറ്റി കേന്ദ്ര സർക്കാർ നിഷ്‌ക്കർഷിച്ചിട്ടുള്ള മാനദണ്ഡപ്രകാരം പുതിയ പാലം നിർമ്മിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.