അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കൃഷിഭവനു കീഴിൽ ഗ്രാമശ്രീ പച്ചക്കറി ക്ലസ്റ്റർ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില നിഷിപ്ത താത്പര്യക്കാർ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത പ്രസ്താവനയിൽ അറിയിച്ചു. കൃഷി ഭവനോട് അനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ഇക്കോ ഷോപ്പിലെ മുൻ ജീവനക്കാരിയെ ക്രമക്കേട് കാണിച്ചതിനെ തുടർന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആഗസ്റ്റ് മാസത്തിൽ ചുമതലയിൽ നിന്ന് നീക്കം ചെയ്തിരുന്നു.തുടർന്ന് ഒരു ചാർട്ടേഡ് അക്കൗണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ കണക്ക് പരിശോധനയിൽ ഒന്നര ലക്ഷത്തിനടുത്ത് രൂപ മുൻ ജീവനക്കാരി കൈക്കലാക്കിയതായി തെളിഞ്ഞു. ഇന്നലെ കൂടിയ ഇക്കോ ഷോപ്പിന്റെ മാനേജ്‌മെന്റ് കമ്മറ്റി ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാൻ തീരുമാനിച്ചു. പച്ചക്കറി ക്ലസ്റ്ററിൽ നിന്നും ലോണെടുത്തിട്ട് തിരിച്ചടക്കാത്തവരുമാണ് ഗ്രാമശ്രീ പച്ചക്കറി ക്ലസ്റ്റർ പുനഃസംഘടനയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ശിക്ഷണ നടപടിയുടെ ഭാഗമായി ഈ കൃഷിഭവനിൽ നിന്ന് സ്ഥലം മാറ്റപ്പെട കൃഷി ഉദ്യോഗസ്ഥയാണ് പരാതി തയ്യാറാക്കി നൽകുന്നതെന്നും പര്സിഡന്റ് ആരോപിച്ചു. പച്ചക്കറി ക്ലസ്റ്റർ പുനസംഘടിപ്പിച്ചപ്പോൾ പുറത്തായ പഴയ ഭാരവാഹികളും ഇക്കോ ഷോപ്പിൽ നിന്ന് പണം തിരിമറി ചെയ്തതിന് പുറത്താക്കിയ മുൻ ജീവനക്കാരിയും ചേർന്ന് നടത്തുന്ന അസത്യ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നും പ്രസിഡന്റ് അറിയിച്ചു.