
മാന്നാർ : ക്ഷീരവികസന വകുപ്പിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പാവുക്കര ക്ഷീരോത്പാദക സഹകരണസംഘത്തിന് ആറര ലക്ഷത്തോളം രൂപ ചിലവഴിച്ച് നിർമ്മിച്ച പാൽ സംഭരണ മുറിയുടെ ഉദ്ഘാടനവും മാവേലിക്കര ബ്ലോക്ക് ക്ഷീരസംഗമവും നാളെ രാവിലെ 10 ന് പാവുക്കര എസ്.എൻ.ഡി.പി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് ക്ഷീരകർഷക സംഗമത്തിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് അദ്ധ്യക്ഷത വഹിക്കും. എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. മാവേലിക്കര ക്ഷീരവികസന ഓഫീസർ വി.വിനോദ് റിപ്പോർട്ട് അവതരിപ്പിക്കും. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി രത്നകുമാരി മുഖ്യപ്രഭാഷണം നടത്തും. മികച്ച ഗുണനിലവാരമുള്ള പാൽ സംഭരിച്ച ക്ഷീരസംഘത്തിനുള്ള അവാർഡ്ദാനം, ബ്‌ളോക്കിലെ മികച്ച ക്ഷീരകർഷകർ, മികച്ച വനിതാ ക്ഷീരകർഷകർ, മികച്ച പട്ടികജാതി വിഭാഗം ക്ഷീരകർഷകർ എന്നിവരെയും ചെന്നിത്തല, ചെട്ടികുളങ്ങര, മാന്നാർ, തഴക്കര, തെക്കേക്കര പഞ്ചായത്തുകളിലെയും, മാവേലിക്കര മുനിസിപ്പാലിറ്റിയിലെയും മികച്ച കർഷകരെയും ചടങ്ങിൽ ആദരിക്കും. ലാഭകരമായ ക്ഷീരോത്പാദനം, പാൽ ഗുണനിലവാരം എന്നീ വിഷയങ്ങളിൽ നടത്തുന്ന സെമിനാറുകളിൽ ആലപ്പുഴ ക്ഷീരവികസന വകുപ്പ് റിട്ട.അസി.ഡയറക്ടർ എം.ബി സുഭാഷ്, ക്വളിറ്റി കൺട്രോൾ ഓഫീസർ എം.ഷഫീന എന്നിവർ നേതൃത്വം നൽകും. അസി.ഡയറക്ടർ യു.അക്ബർഷാ മോഡറേറ്ററാകും.
വൈകിട്ട് മൂന്നിന് പാൽ സംഭരണമുറി ഉദ്ഘാടനവും അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ്.ഗൗരീശങ്കറിനെയും ആദരിക്കലും മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ജില്ലാ,ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീരസംഘം ഭാരവാഹികൾ, അംഗങ്ങൾ, ക്ഷീരകർഷകർ, വിവിധ രാഷട്രീയ പ്രതിനിധികൾ എന്നിവരും ചടങ്ങുകളിൽ പങ്കെടുക്കും. കുരട്ടിശ്ശേരി ക്ഷീരസംഘം പ്രസിഡന്റ് എം.എൻ രവീന്ദ്രൻപിള്ള, ക്ഷീരവികസന ഓഫീസർ വി.വിനോദ്, ഡയറി ഫാം ഇൻസ്ട്രക്ടർ റിഷി എസ്, പാവുക്കര ക്ഷീരസംഘം പ്രസിഡന്റ് ഷീബ ഷുക്കൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.