ആലപ്പുഴ: ഒന്നാം പിണറായി സർക്കാർ നടത്തിയ വികസന -ജനക്ഷേമ പ്രവർത്തനങ്ങളാണ് കേരളത്തിൽ എൽ.ഡി .എഫ് തുടർഭരണത്തിന് വഴിയൊരുക്കിയതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ജി.സുധാകരൻ പറഞ്ഞു. സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്ത മേഖലകളിലും വികസനം ഉറപ്പാക്കി, ജാതി-മത പരിഗണനയില്ലാതെ ജനക്ഷേമപദ്ധതികൾ നടപ്പാക്കി. ഭക്ഷണം, സൗജന്യ വാക്‌സിൻ, പാർപ്പിടം, തൊഴിൽ മേഖലയിൽ സമാധാനം ,അഴിമതി രഹിത ഭരണം എല്ലാം ജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കാൻ കഴിയാതിരുന്നവയും തുടങ്ങി വച്ചവയും പൂർണ്ണതയിലെത്തിക്കുകയും പുതിയ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്താൽ അടുത്ത ഭരണവും എൽ.ഡി.എഫിന് തന്നെയാകും. കോൺഗ്രസിന്റെ ചെയ്തികൾ ഭരണത്തിൽ ഇനി തിരിച്ചെത്താനാകാത്ത വിധം ജനങ്ങളിൽ നിന്ന് അവരെ അകറ്റിയതായി ജി സുധാകരൻ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്റെ ആസ്തികൾ വിറ്റ് കാശാക്കുകയാണ്. വലിയ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളാണ് മോദി സർക്കാർ വിൽക്കുന്നത്. വർഗീയ-ജനാധിപത്യ സാമ്പത്തിക നയം നടപ്പാക്കുന്ന ബി.ജെ.പി സർക്കാരിന് ബദലാകാൻ അഴിമതിയും വികസന മുരടിപ്പും കൈമുതലാക്കിയ കോൺഗ്രസിനാകില്ലന്ന് ജനങ്ങൾക്കറിയാം .എൽ .ഡി. എഫിനെയാണ് ദേശീയ ബദലായി ജനം കാണുന്നതെന്ന് ജി സുധാകരൻ പറഞ്ഞു. സമ്മേളനത്തിൽ മുതിർന്ന അംഗം എൻ.പവിത്രൻ പതാക ഉയർത്തി. എം. വി. ഹൽത്താഫ് അദ്ധ്യക്ഷനായി. പ്രതിനിധി സമ്മേളനം ഇന്നും തുടരും.. നാളെ ടൗൺ ഹാളിന് മുന്നിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. ജില്ലാസെക്രട്ടറി
ആർ.നാസർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി.വേണുഗോപാൽ, പി. പി. ചിത്തരഞ്ജൻ, കെ.എച്ച് .ബാബുജാൻ, മനു സി.പുളിക്കൽ, ജില്ല കമ്മറ്റി അംഗം ഡി.ലക്ഷ്മണൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.