ആലപ്പുഴ: ജില്ലയിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ നാളെ ( മൂന്ന്) ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ അറിയിച്ചു. 15 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് ഓൺലൈൻ ബുക്കിംഗിലൂടെയും സ്പോട്ട് രജിസ്ട്രേഷനിലൂടെയും വാക്സിൻ സ്വീകരിക്കാം.

ഓൺലൈൻ ബുക്കിംഗ് www.cowin.gov.in ൽ ഇന്നലെ ആരംഭിച്ചു. കോവാക്സിനാണ് ഇവർക്ക് നൽകുന്നത്. 10 വരെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് കുത്തിവയ്പ്പ് എടുക്കുന്നതിന് സൗകര്യമുണ്ടാകും.

ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നാളെമുതൽ ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വാക്‌സിൻ നൽകും. എല്ലാം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വ, വ്യാഴം, ശനി ഞായർ ദിവസങ്ങളിൽ കുട്ടികൾക്കായുള്ള വാക്‌സിനേഷൻ ഉണ്ടാകും.

2007ലോ അതിനു മുമ്പോ ജനിച്ചവർക്ക് പോർട്ടലിൽ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്‌തോ, നേരത്തെ രജിസ്റ്റർ ചെയ്ത മുതിർന്നവരുടെ അക്കൗണ്ട് മുഖേനയോ വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാം. ആധാർ കാർഡോ സ്‌കൂൾ ഐഡന്റിറ്റി കാർഡോ രജിസ്‌ട്രേഷന് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. വാക്‌സിൻ എടുക്കാൻ എത്തുമ്പോൾ ഈ തിരിച്ചറിയൽ രേഖ കൊണ്ടുവരണം.