
ആലപ്പുഴ: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പലരും മറക്കുകയാണ് പതിവ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തനാണ് ആലപ്പുഴ നഗരസഭയിൽ വലിയമരം വാർഡിലെ പ്രതിനിധിയായ നസീർ പുന്നയ്ക്കൽ.
തിരഞ്ഞെടുപ്പ് വേളയിൽ വലിയമരം വാർഡുകാർ ആവശ്യപ്പെട്ടത്, എച്ച് ബി പാടം നിവാസികൾക്ക് പുലയൻ വഴിയിലേക്ക് ഒരു റോഡ് വേണമെന്നതാണ്. പുതുവത്സരദിനത്തിൽ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി കൗൺസിലർ മാതൃകയുമായി. വഴിക്ക് ആവശ്യമായ സ്ഥലം കൗൺസിലർ സ്വന്തമായി വിലകൊടുത്തുവാങ്ങുകയായിരുന്നു. പിന്നീട് സ്ലാബ് പാകി വഴിയും ഒരുക്കി. ഉദ്ഘാടനത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ പങ്കാളിത്തവും ഉണ്ടായിരുന്നു. എച്ച്. സലാം എം.എൽ.എ റോഡ് നാട്ടുകാർക്ക് തുറന്നുനൽകി ഉദ്ഘാടനം നിർവഹിച്ചു. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്ക് മാതൃകയാണ് നസീർ പുന്നയ്ക്കലെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജ് അദ്ധ്യക്ഷയായി. മുനിസിപ്പൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ വസ്തുവിന്റെ പ്രമാണങ്ങൾ ഏറ്റുവാങ്ങി. നസീർ പുന്നയ്ക്കൽ പ്രമാണങ്ങൾ സമർപ്പിച്ചു. ജനപ്രതിനിധികളായ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ്, ബി. നസിർ, നജിത ഹാരിസ്, പ്രഭ ശശികുമാർ, രാഗി രജികുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കമാൽ.എം. മാക്കിയിൽ, അനിൽ തിരുവമ്പാടി, എം. ബാബു, ജമാൽ പള്ളാത്തുരുത്തി, എ.ആർ. ഫാസിൽ, എച്ച്. ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.