ചേർത്തല : നഗരത്തിന്റെയും തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റേയും അതിർത്തി പങ്കിടുന്ന പഴംകുളം പാലത്തിന്റെ പുനർ നിർമ്മാണം പൂർത്തിയായെങ്കിലും ഒരു വശത്ത് ടൈൽ വിരിച്ചു നടപ്പാത തയ്യാറാക്കാത്തതിനെതിരെ പരാതിയുമായി പ്രദേശവാസികൾ രംഗത്തെത്തി. മുഖ്യമന്ത്റിക്കും പൊതുമരാമത്ത് വകുപ്പു മന്ത്റിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വകുപ്പുതല പരിശോധനകൾക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.
പാലത്തിനോടു ചേർന്ന് നഗരസഭാ അതിർത്തിയിലെ ഭാഗത്താണ് ടൈൽ വിരിക്കാത്തത്. ഇവിടെ ടൈൽവിരിച്ച നടപ്പാതയില്ലാതെ റോഡിനോട് ചേർന്നുതന്നെ ഇരുമ്പുപൈപ്പുകൾ സ്ഥാപിച്ചത് അശാസ്ത്രീയമാണെന്നും അപകടങ്ങൾക്ക് വഴിവയ്ക്കുമെന്നും നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും കാട്ടിയാണ് സമീപവാസിയായ പഴംകുളങ്ങരവെളിയിൽ പി.എസ്.രാജേന്ദ്രൻ പരാതി നൽകിയത്. അരികിൽ ഇരുമ്പ് പൈപ്പ് സ്ഥാപിച്ചതിനാൽ കാൽനടയാത്രക്കാർ റോഡിൽ കയറി നടക്കേണ്ട സ്ഥിതിയാണ്. റോഡിന്റെ വശത്ത് താഴ്ചയായതിനാൽ ഇവിടെ നടപ്പാത അത്യാവശ്യമാണെന്നാണ് പ്രദേശവാസികളും പറയുന്നത്.
ആറുപതിറ്റാണ്ടോളം പഴക്കമുള്ള വീതി കുറഞ്ഞ പാലത്തിന് പകരമായാണ് പുതിയ പാലമൊരുക്കിയത്. കാളികുളം - ചെങ്ങണ്ട റോഡിൽ പൂത്തോട്ട തോടിന് കുറുകെയാണ് പാലം. മുൻമന്ത്റി പി.തിലോത്തമൻ ഇടപെട്ടാണ് പുനർനിർമ്മാണത്തിന് തുക അനുവദിച്ചത്.
പഴയപാലം പൊളിച്ചു നീക്കി
കാലപ്പഴക്കവുംവീതിക്കുറവും കാരണം പഴയപാലം പൊളിച്ചു നീക്കി
പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനം ആരംഭിച്ചത് 2019 നവംബറിൽ
പുതിയ പാലത്തിന് 18.90 മീറ്റർ നീളവും 7.50 മീറ്റർ കാര്യേജ് വേയും
നടപ്പാത ഉൾപ്പെടെ പാലത്തിന്റെ വീതി 11 മീറ്റർ
സംരക്ഷണ ഭിത്തി
വടക്ക് ഭാഗത്ത് 30 മീറ്ററും തെക്ക് ഭാഗത്ത് 70 മീറ്ററും ഉൾപ്പെടെ 100 മീറ്റർ നീളത്തിൽ റോഡും അതിനോടൊപ്പം കോൺക്രീറ്റിന്റെ സംരക്ഷണഭിത്തിയുമാണ് പദ്ധതിയിലുള്ളത്. ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് പാലം നിർമ്മാണ വിഭാഗത്തിനാണ് മേൽനോട്ടച്ചുമതല. മുവാറ്റുപുഴ സ്വദേശിയാണ് കരാറുകാരൻ.
4.15 : പൊതുമരാമത്ത് വകുപ്പ് 4.15 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണത്തിനായി വകയിരുത്തിയത്.
''പാലം നിർമ്മാണം നിരീക്ഷിക്കാെത്തിയ എൻജിനിയറുടെയും ഓവർസിയറുടെയും കെടുകാര്യസ്ഥതയാണ് ഇവിടെ പ്രതിഫലിക്കുന്നത്. ഇത്രയും വിചിത്രമായി കേരളത്തിൽ ഒരു പാലത്തിലും സംരക്ഷണ തൂണുകൾ റോഡിലെ ഫുട്പാത്തിൽ സ്ഥാപിച്ചിട്ടില്ല. പരാതിയിൽ നിന്ന് പിൻവാങ്ങാൻ സ്വാധീനം ചെലുത്തുന്നുണ്ട്. അഡീഷൽ എസ്റ്റിമേറ്റ് ഉണ്ടാക്കി വർക്ക് ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്.
- പി.എസ്. രാജേന്ദ്രൻ, പഴംകുളങ്ങര വെളിയിൽ, സി.എം.സി. 9,ചേർത്തല (പരാതിക്കാരൻ)