മാവേലിക്കര : മണ്ഡലം അടിസ്ഥാനത്തിൽ ടൂറിസം സർക്യൂട്ട് യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക യോഗം എം.എസ്.അരുൺകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്നു. അച്ചൻകോവിലാറ്റിൽ ടൂറിസം പദ്ധതി, മാവേലിക്കര ടി.കെ മാധവൻ സ്മാരക നഗരസഭ പാർക്കിനോട് ചേർന്ന് വിനോദ സഞ്ചാര കേന്ദ്രം, അപൂർവ കലാരൂപങ്ങളുടെ സംരക്ഷണം, മണ്ഡപത്തിൻ കടവിൽ പാർക്ക്, മാവേലിക്കരയിൽ നിന്ന് തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ടൂറിസം സർവീസ്, ടി.എ കനാലിന്റെ ഇരുകരകളും ബലപ്പെടുത്തൽ, പാലമേലിൽ ഇക്കോ ടൂറിസം സാധ്യത, കരിങ്ങാലി പുഞ്ചയുടെയും മാക്രിമട പുഞ്ചയുടെയും വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തൽ, വയ്യാങ്കര ടൂറിസം വികസനത്തിന് ബണ്ട് നിർമിക്കൽ, നൂറനാട്ട് നന്ദികേശ പൈതൃക ഗ്രാമം എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ, വള്ളികുന്നം ടൂറിസം പദ്ധതി നടപ്പാക്കൽ, ഇരപ്പൻപാറ വെള്ളച്ചാട്ട ടൂറിസം പദ്ധതി, വള്ളികുന്നത്തെ ചിറകളിൽ നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വെട്ടിക്കോട്ട് ചാൽ ടൂറിസം പദ്ധതി നടപ്പാക്കൽ എന്നിവ അടക്കം നിരവധി നിർദേശങ്ങൾ വിവിധ പഞ്ചായത്തുകളിൽ നിന്നും നഗരസഭയിൽ നിന്നും ഉയർന്നു.
സാധ്യതകൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. മാവേലിക്കര നഗരസഭാധ്യക്ഷൻ കെ.വി ശ്രീകുമാർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീബ സതീഷ്, ജി.വേണു, സ്വപ്ന സുരേഷ്, ബി.വിനോദ്, ബിജി പ്രസാദ്, കെ.ആർ അനിൽകുമാർ, നഗരസഭ വികസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനി വർഗീസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജോൺ വർഗീസ്, ഡി.ടി.പി.സി സെക്രട്ടറി ലിജോ എബ്രഹാം എന്നിവർ സംസാരിച്ചു.