1
പൊളിച്ചു പണിയാൻ ഭരണാനുമതിയായ കിടങ്ങറ കെ സി പാലം

കുട്ടനാട് : ആലപ്പുഴ -ചങ്ങനാശ്ശേരി ബോട്ട് സർവ്വീസിനും ഹൗസ്ബോട്ട് യാത്രയ്ക്കും തടസമായി പമ്പയാറിന് കുറുകെ നിലനിന്ന കിടങ്ങറ കെ.സി പാലം ഇനി വിസ്മൃതിയിലേക്ക്. പാലം പൊളിച്ചുപണിയാൻ 42.33 കോടി രൂപയുടെ ഭരണാനുമതിയായതോടെ എത്രയും വേഗം പാലത്തിന്റെ പുനർനിർമ്മാണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്.

ഉയരക്കുറവിന് പുറമേ, സ്പാനുകളുടെ ഇടയിലെ വീതിയില്ലായ്മയുമാണ് ജലഗതാഗതത്തിനും ഹൗസ്ബോട്ട് ടൂറിസത്തിനും പ്രധാന തടസമായി പലം മാറാൻ കാരണം. പാലത്തിന്റെ നിർമ്മാണഘട്ടത്തിൽ തന്നെ പരാതിയുയർന്നിരുന്നെങ്കിലും അത് കണക്കിലെടുക്കാതെ നടത്തിയ നിർമ്മാണം കുട്ടനാട്ടിൽ പമ്പയാറ്റിലൂടെയുള്ള ബോട്ട് സർവ്വീസ് ഏറെക്കുറെ നിലയ്ക്കുന്നതിന് കാരണമായി. 2018ലെ പ്രളയകാലത്ത് ആളുകൾ ഇവിടെ നിന്ന് രക്ഷപ്പെടാൻ പോലും വലിയ തോതിൽ ബുദ്ധിമുട്ടി. ഇതേത്തുടർന്ന് അടിയന്തരമായി പാലം പൊളിച്ചുപണിയണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകൾ രംഗത്തെത്തുകയും അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു . വെളിയനാട്, കാവാലം പഞ്ചായത്തുകളെ ആലപ്പുഴ -ചങ്ങനാശ്ശേരി റോഡുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പാലത്തിന്റെ നിർമ്മാണം. 2001ൽ പാലത്തിന്റെ ഉദ്ഘാടനത്തോടെ ഇതു വഴിയുള്ള ജലഗതാഗതം തടസപ്പെട്ടു.