
ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേർ ഉൾപ്പെടെ നാല് എസ്.ഡി.പി.ഐ പ്രവർത്തകരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കൊലയാളികൾക്ക് വ്യാജ രേഖചമച്ച് സിംകാർഡുകൾ നൽകിയ പുന്നപ്ര കളിത്തട്ടിന് സമീപം ബി ആൻഡ് ബി മൊബൈൽ ഷോപ്പ് ഉടമ മുഹമ്മദ് ബാദുഷ (32),ഗൂഢാലോചനയിൽ പങ്കെടുത്ത ആലപ്പുഴ വലിയമരം വാർഡ് പുന്നയ്ക്കൽ പുരയിടത്തിൽ സെയ്ഫുദ്ദീൻ (48) എന്നിവരാണ് അറസ്റ്റിലായ രണ്ട് പേർ. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ കൃത്യത്തിൽ പങ്കെടുത്ത, പിടിയിലായ രണ്ട് ആലപ്പുഴ സ്വദേശികളുടെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ആക്രണത്തിൽ നേരിട്ട് പങ്കെടുത്ത 12 അംഗ സംഘത്തിലെ നാല് പേർ മാത്രമാണ് ഇതുവരെ പിടിയിലായത്.
മുഹമ്മദ് ബാദുഷ കൂടുതൽ പേർക്ക് സിം കാർഡ് എടുത്ത് നൽകിയോയെന്നതിനെക്കുറിച്ച് പുന്നപ്ര പൊലീസ് അന്വേഷിക്കും.