 
ചേർത്തല:കണിച്ചുകുളങ്ങര ഫാം ടൂറിസം കേന്ദ്രത്തിൽ പച്ചക്കറി വിളകൾ സിമന്റിലും! തിരുവിഴ ദേവസ്വത്തിന്റെ ഫാം ടൂറിസം കേന്ദ്രത്തിന്റെ രണ്ടാം ഘട്ടത്തിലാണ് സിമന്റിൽ തീർത്ത പച്ചക്കറി വിളകളുടെ രൂപം ഒരുക്കിയത്.തണ്ണിമത്തൻ,വഴുതന,തക്കാളി,പപ്പായ എന്നിവയുടെ നിർമ്മാണം പൂർത്തിയായി.മാൻ,മയിൽ തുടങ്ങിയ മൃഗങ്ങളുടെ രൂപവും ഒരുക്കുന്നുണ്ട്. അതോടൊപ്പം വെളളച്ചാട്ടവും ഒരുക്കും.
സതീഷ് മേച്ചേരിയുടെ നേതൃത്വത്തിൽ മൂന്ന് കലാകാരന്മാരാണ് സിമിന്റിൽ സുന്ദര രൂപങ്ങൾ തീർക്കുന്നത്. കമ്പിയിൽ രൂപം ഒരുക്കിയ ശേഷം സിമിന്റ് മിശ്രിതം പൂശി പെയിന്റ് ചെയ്‌തെടുക്കുന്ന ശിൽപ്പങ്ങൾ ഇരിപ്പിടങ്ങളായും ഉപയോഗിക്കാം. ചേർത്തല തെക്ക് പഞ്ചായത്ത്,ചേർത്തല തെക്ക് കൃഷി ഭവൻ, ചേർത്തല തെക്ക് സഹകരണ ബാങ്ക്, തിരുവിഴേശ്വരൻ ജെ.എൽ.ജി. ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് തരിശ് കിടന്ന ഏഴര ഏക്കർ തിരുവിഴ ദേവസ്വം ഹരിത ശോഭയിലാക്കിയത്. കഞ്ഞിക്കുഴിയിലെ കർഷകരായ ജ്യോതിഷും അനിൽലാലുമാണ് പൂക്കൃഷിക്കും പച്ചക്കറി കൃഷിക്കും നേതൃത്വം വഹിക്കുന്നത്. കുട്ടികൾക്ക് സന്തോഷം പകരുന്ന കാഴ്ചകളായിരിക്കും ഫാം ടൂറിസത്തിന്റെ രണ്ടാം ഘട്ടത്തിൽ ഒരുക്കുന്നതെന്ന് തിരുവിഴ ദേവസ്വം പ്രസിഡന്റ് പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ പറഞ്ഞു.