s

ആലപ്പുഴ: സീസൺ കാലത്തും പഴ വർഗങ്ങളുടെ വിലക്കയറ്റം ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നു. ഒരു മാസം മുമ്പ് വിലകുറഞ്ഞു നിന്നിരുന്ന വിവിധ ഇനം പഴങ്ങൾക്ക് കഴിഞ്ഞദിവസം മുതലാണ് വില കുതിച്ചുയർന്നത്. പകൽ സമയത്തെ ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ പഴ വർഗങ്ങൾ വാങ്ങാൻ പൊതുവേ ആളുകൾ കൂടുതലെത്തുന്ന സമയമാണെങ്കിലും , വിലവർദ്ധന മൂലം പലരും പിൻവാങ്ങുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തിലുണ്ടായ കുറവാണ് വിലക്കയറ്റത്തിന് വഴിവച്ചതെന്നാണ് അനുമാനം. നാടൻ ഏത്തയ്ക്ക വിപണിയിൽ കണികാണാനില്ല. വരവ് ഏത്തയ്ക്കയാണ് ഇപ്പോൾ ലഭിക്കുന്നത്. 50 രൂപയാണ് കിലോഗ്രാമിന് വില. വയനാട്, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിൽ ഏത്തയ്ക്ക എത്തുന്നത്. ഒരു കിലോ ഓറഞ്ചിന്റെ വില 50ൽ നിന്ന് 80ലേക്ക് കുതിച്ചു. തമിഴ്നാടൻ മാമ്പഴം വിപണിയിലെത്തിയിട്ടുണ്ടെങ്കിലും മധുരം കുറവായതിനാൽ കാര്യമായ ചിലവില്ല. മഹാരാഷ്ട്ര, ബംഗളൂരു, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് പഴങ്ങൾ കൂടുതലും എത്തുന്നത്.

പഴങ്ങളുടെ വില

(കിലോഗ്രാമിന് രൂപയിൽ)

ആപ്പിൾ .........................240 - 280

അമരി ആപ്പിൾ.............. 120 - 140

മുന്തിരി റോസ് ..............100

മുന്തിരി സീഡ്‌ലെസ്..... 160

അനാർ .......................... 160

പൈനാപ്പിൾ ....................40

തായ്ലൻഡ് പേരയ്ക്ക........120

സപ്പോർട്ട ..........................60

കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണമായത്. പൊതുവേ മികച്ച കച്ചവടം ലഭിക്കേണ്ട സീസണാണ്. വിലകൂടിയതിനാൽ പ്രതീക്ഷിച്ച പോലെ വ്യാപാരം നടക്കുന്നില്ല

- പഴം വ്യാപാരികൾ