
ആലപ്പുഴ: ജില്ലയിൽ 15 - 18 വയസിനിടയിലുള്ള 90,000 പേർ കൊവിഡ് വാക്സിൻ സ്വീകരിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇന്നു മുതൽ ആരംഭിക്കുന്ന വാക്സിനേഷൻ ക്യാമ്പുകൾ വഴി രണ്ടാഴ്ച കൊണ്ട് വാക്സിൻ വിതരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആരോഗ്യവകുപ്പിന്റെ എല്ലാ കേന്ദ്രങ്ങളിലും വാക്സിൻ സൗകര്യമുണ്ടാകും. വരുന്ന ഞായറാഴ്ച ഉൾപ്പടെ വാക്സിൻ നൽകുന്നതിനാൽ കാലതാമസമില്ലാതെ പ്രക്രിയ പൂർത്തിയാകുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടൽ. തീവ്രവ്യാപന ശേഷിയുള്ള കൊവിഡ് വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ മുതിർന്നവർക്ക് ബൂസ്റ്റർ ഡോസ് വിതരണം ഈ മാസം 10ന് ആരംഭിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. മുഴുവൻ കുട്ടികളും വാക്സിൻ സ്വീകരിച്ചെന്ന് ആരോഗ്യവകുപ്പ് ഉറപ്പ് വരുത്തും. സ്കൂൾ വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചെന്ന് സ്ഥിരീകരിക്കാനുള്ള ഉത്തരവാദിത്വം അതത് സ്കൂൾ അധികൃതർക്കാണ്.
രജിസ്ട്രേഷൻ
2007ലോ അതിന് മുമ്പോ ജനിച്ചവർക്ക് കൊവിൻ പോർട്ടലിൽ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. ഇതേ സൈറ്റിൽ മുമ്പ് മുതിർന്നവർക്ക് ഉപയോഗിച്ച അക്കൗണ്ട് വഴിയും സ്ലോട്ട് ഉറപ്പാക്കാം. രജിസ്ട്രേഷന് ബുദ്ധിമുട്ട് നേരിടുന്നവർക്ക് വിദ്യാഭ്യാസവകുപ്പ് സൗകര്യം ഒരുക്കി നൽകും. സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ടാകും.
സർക്കാർ സംവിധാനം മാത്രം
പ്രാരംഭ ഘട്ടത്തിൽ കുട്ടികൾക്കുള്ള വാക്സിൻ വിതരണം സർക്കാർ സംവിധാനം വഴി മാത്രമായിരിക്കും. ആരോഗ്യവകുപ്പിന്റെ എല്ലാ കേന്ദ്രങ്ങളിലും കുത്തിവയ്പിന് സൗകര്യമുണ്ടാകും. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് പിങ്ക് നിറത്തിലുള്ള ബോർഡുണ്ടാവും. മുതിർന്നവരുടേതിന് നീല ബോർഡുള്ളതാവും പ്രവേശന കവാടം. ബുധനാഴ്ച വാക്സിനേഷൻ ഉണ്ടായിരിക്കില്ല.
തിരിച്ചറിയൽ രേഖ
രജിസ്ട്രേഷനും കുത്തിവയ്പ്പ് സമയത്തും തിരിച്ചറിയൽ രേഖയായി ആധാർ കാർഡും സ്കൂൾ ഐഡന്റിറ്റി കാർഡും ഉപയോഗിക്കാം.
ശ്രദ്ധിക്കാൻ
1.ഏതെങ്കിലും രോഗത്തിന് ചികിത്സയിലുള്ളവർ കുത്തിവയ്പ്പിന് മുമ്പ് അറിയിക്കണം
2.എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനം ഉണ്ടാകും.
3.നിരീക്ഷണ സമയം പൂർണമായും കേന്ദ്രത്തിൽ തന്നെ തുടരണം.
4.ചെറിയ പനിയും അസ്വസ്ഥതകളും കുത്തിവയ്പ്പിന് ശേഷംഉണ്ടായേക്കാം.
'' 90,000ത്തോളം കുട്ടികളാണ് ജില്ലയിൽ വാക്സിൻ സ്വീകരിക്കേണ്ടത്. ആവശ്യമായ വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. കാലതാമസം കൂടാതെ തന്നെ വാക്സിൻ വിതരണം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്
- ഡോ ജമുന വർഗീസ്, ഡി.എം.ഒ