മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ കുട്ടികളുടെ വാക്‌സിനേഷനായി പ്രത്യേക മുന്നൊരുക്കങ്ങൾ നടത്തിയതായി ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സുധാകരകുറുപ്പ് അറിയിച്ചു. 4ന് ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടുവിന് പഠിക്കുന്ന കുട്ടികൾക്ക് വാക്സിൻ നൽകും. 5ന് ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ താമസിക്കുന്ന മറ്റു ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വാക്‌സിൻ നൽകുക. 7ന് കൊയ്‌പ്പള്ളികാരാഴ്മ ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും 8ന് ചെട്ടികുളങ്ങര ഹൈസ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കും 9ന് ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ താമസിക്കുകയും മറ്റ് ഹൈസ്കൂളുകളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കും ആണ് വാക്‌സിനേഷൻ നൽകുന്നത്. 11ന് ആധാർ കാർഡിൽ 2004 മുതൽ 2007 വരെ ജനന വർഷം ഉള്ളവർക്കുള്ള വാക്‌സിനേഷൻ നടക്കും.

കുട്ടികൾക്കുള്ള വാക്‌സിനേഷൻ നടക്കുന്ന ദിവസങ്ങളിൽ പ്രായപൂർത്തി ആയവർക്കുള്ള വാക്‌സിനേഷൻ ഉണ്ടായിരിക്കില്ല. 3നും 6നും 18 വയസിന് മുകളിൽ ഉള്ളവർക്കുള്ള വാക്സിനേഷൻ നൽകും. കുട്ടികൾ ആധാർ കാർഡും സ്കൂൾ ഐ.ഡി കാർഡും കൊണ്ടുവരണം. ഗ്രാമ പഞ്ചായത്ത്‌ കുടുംബരോഗ്യ കേന്ദ്രമാണ് വാക്‌സിനേഷൻ കേന്ദ്രം. രാവിലെ 9.30ന് വാക്‌സിനേഷൻ ആരംഭിക്കും.