s

ആലപ്പുഴ : കഴിഞ്ഞ രണ്ട് വ‌ർഷത്തോളമായി 13 രൂപ നിരക്കിൽ ലഭിച്ചുകൊണ്ടിരുന്ന ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില ഇരുപതു രൂപയാക്കിയതോടെ ഉപഭോക്താക്കളുടെ പോക്കറ്റ് ചോരുന്നു. അവശ്യസാധന വില നിയന്ത്രണപരിധിയിൽ വരുന്ന കുപ്പിവെള്ളത്തിന് 2020 മാർച്ചിലാണ് സംസ്ഥാന സർക്കാർ 13 രൂപയാക്കി കുറച്ചത്.

വില കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് കുപ്പിവെള്ള നിർമ്മാതാക്കൾ വില വീണ്ടും പഴയപടിയാക്കിയത്. കോടതിയുടെ സ്റ്റേക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും, വില നിർണയാവകാശം കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ കേന്ദ്ര നിലപാടിലാണ് ഇനി സാധാരണക്കാരുടെ പ്രതീക്ഷ. അമിത വില നൽകേണ്ടി വന്നതോടെ കടകളിൽ ഉപഭോക്താക്കളും വ്യാപാരികളും തമ്മിൽ തർക്കമുണ്ടാകുന്നുണ്ട്..

കമ്പനികളുടെ വാദം

വെള്ളം നിറയ്ക്കുന്ന കുപ്പി, അവയുടെ അടപ്പ്, ലേബൽ എന്നിവയുടെ നിർമ്മാണ ചിലവ് ഭീമമാണ്. സംസ്ഥാനം വില കുറച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് നേരിട്ടത്.

ഇരട്ടി ലാഭം

(12 കുപ്പി വെള്ളം ഉൾപ്പെടുന്ന പാക്കറ്റിന്റെ വില)

കമ്പനികൾ വിതരണക്കാർക്ക് നൽകുന്നത് ............. ₹93

വിതരണക്കാർ കച്ചവടക്കാർക്ക് നൽകുന്നത് .......... ₹ 115 രൂപയ്ക്ക് (ഒരു കുപ്പിയ്ക്ക് ₹9.50 )

കച്ചവടക്കാർ വിൽക്കുന്നത് : ₹ 20 (ഒരു കുപ്പിയ്ക്ക് )

ലാഭം : ₹11.50 (ഒരു കുപ്പിയ്ക്ക്)

അവശ്യസാധന പട്ടികയിൽ ഉൾപ്പെട്ട കുടിവെള്ളത്തിന് ഉത്പാദകർ വില വർദ്ധിപ്പിക്കുമ്പോൾ, ഉപഭോക്താക്കളുടെ ചോദ്യത്തിന് ഉത്തരം നൽകേണ്ടി വരുന്നത് കച്ചവടക്കാരാണ്. കൂടുതൽ പണം നൽകാനാവില്ലെന്നാണ് പല ഉപഭോക്താക്കളും പറയുന്നത്. ഇത് പലപ്പോഴും വാക്കുതർക്കത്തിൽ കലാശിക്കും

- കച്ചവടക്കാർ