
ഇ - ഫയലിംഗ് ഉൾപ്പെടെ കടലാസ് രഹിത സ്‌മാർട്ട് കോടതി മുറികൾ രാജ്യത്ത് ആദ്യം നടപ്പാക്കിയ നേട്ടത്തിലാണ് സംസ്ഥാനം. ആദ്യ ഘട്ടമായി ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന്റേത് ഉൾപ്പെടെ ആറു കോടതികളും തിരുവനന്തപുരം അഡിഷണൽ സി.ജെ.എം.കോടതി, എറണാകുളം ജില്ലയിലെ കോലഞ്ചേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയുമാണ് സ്‌മാർട്ട് കോടതികൾ. കടലാസ് രഹിതമാക്കുന്നതോടെ കോടതി വ്യവഹാരങ്ങൾ എളുപ്പത്തിലും നിയമനടപടികൾ വേഗത്തിലുമാക്കാൻ കഴിയും. കോടതി വ്യവഹാരങ്ങൾക്ക് മാത്രമല്ല അഭിഭാഷകൻ, കോടതി ജീവനക്കാർ എന്നിവർക്കും ഇ- ഫയലിംഗ് ഗുണകരമാകും. ഇ - സേവനങ്ങൾ കോടതിയിലെത്തുന്നതോടെ ജനങ്ങളിലേക്ക് വേഗത്തിൽ നീതി എത്തുമെന്നാണ് പ്രതീക്ഷ. കൂടുതൽ കോടതികൾ കടലാസ് രഹിതമാക്കുന്നതോടെ സ്‌മാർട്ട് വിപ്ളവത്തിനാണ് തുടക്കമാകുന്നത്. കോടതികളുടെ രൂപവും ഭാവവും മാറുന്ന പരിഷ്‌ക്കാരം ഗുണകരമാണെന്ന കാര്യത്തിൽ തർക്കമില്ല. ജനങ്ങൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കാൻ ഈ നടപടിയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. കേസുകൾ വേഗത്തിൽ തീർപ്പാക്കാനും സാധിക്കും.
സ്‌മാർട്ട് കോടതി മുറിയൊരുക്കി കേരള ഹൈക്കോടതി ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാണ്. പൂർണമായും കടലാസ് രഹിത കോടതി എന്ന ആശയത്തിലേക്കുള്ള ചുവടുവയ്പായി മാറുകയാണിത്. ചീഫ് ജസ്റ്റിസിന്റേതടക്കമുളള ആറ് കോടതികളാണ് ഇതിനോടകം സ്മാർട്ട് കോടതി മുറികളായി മാറ്റിയിരിക്കുന്നത്. മറ്റ് കോടതി മുറികളും ഏറെ വൈകാതെ ഇത്തരത്തിൽ സ്മാർട്ടാക്കും. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡാണ് സ്‌മാർട്ട് കോടതി മുറി പദ്ധതി ഉദ്ഘാടനം ചെയ്‌തത്.
വാദം പറയാനായി കോടതിയിലേക്ക് എത്തുമ്പോൾ അഭിഭാഷകർ കേസിന്റെ വലിയ ഫയലുകൾ കരുതേണ്ടതില്ലെന്നതാണ് പ്രകടമായ മാറ്റം. ഹർജിയടക്കം ഫയൽ ചെയ്‌തിരിക്കുന്ന രേഖകളൊക്കെ കോടതിമുറിയിൽ അഭിഭാഷകന്റെ മുന്നിലുളള കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിയും. ജഡ്ജിയുടെ മുന്നിലും എതിർകക്ഷിയുടെ അഭിഭാഷകന്റെ മുന്നിലുമുള്ള കമ്പ്യൂട്ടർ സ്‌ക്രീനിലും ഇത് ലഭ്യമാകും. ടച്ച് സ്‌ക്രീനിൽ തൊട്ട് ഏത് രേഖകളും പരിശോധിച്ച് വാദം പറയാം. അഭിഭാഷകർ ഓൺലൈൻ വഴിയാണ് ഹാജരാകുന്നതെങ്കിൽ അതിനുള്ള സൗകര്യവും ഉണ്ട്. കേസ് ഫയലുകളിൽ മാർക്ക് ചെയ്യാനടക്കമുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. കേസുകൾ ഫയൽ ചെയ്യുന്നതും പരിശോധനകൾ പൂർത്തിയാക്കുന്നതും ജഡ്ജിമാർ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതും ഇ -മോഡ് വഴിയായിരിക്കും. ഉത്തരവുകൾ സ്റ്റാഫ് എഴുതിയെടുക്കുന്നതിന് പകരമായി ജഡ്ജി ഉത്തരവ് പറയുമ്പോൾ വോയിസ് ടു ടെക്‌സ്റ്റ് ട്രാൻസ്ക്രിപ്‌ഷൻ സോഫ്‌ട് വെയർ വഴി കമ്പ്യൂട്ടർ തന്നെ രേഖപ്പെടുത്തും. ഫയൽ മാനേജ്‌മെന്റ് സിസ്‌റ്റത്തിന്റെ പുതിയ വേർഷനാണ് ഹൈക്കോടതിയിൽ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ഇത് നിലവിൽ വന്നിട്ടില്ല.
ജാമ്യഹർജികൾ കഴിഞ്ഞ ജൂൺ 15 മുതൽ ഇ- ഫയലിംഗ് വഴിയാക്കിയിരുന്നു. ഡിജിറ്റൽ ഒപ്പോടെയുള്ള ജാമ്യ ഉത്തരവുകൾ കഴിഞ്ഞ ഒക്ടോബർ 27 മുതൽ ലഭ്യമാക്കി. കഴിഞ്ഞ മേയ് 17 മുതൽ എല്ലാ ഹർജികളും ഇ-ഫയൽ വഴി ഫയൽ ചെയ്യാനുള്ള സൗകര്യവും ഒരുക്കി. ഇ-ഫയലിംഗ് ആപ്ലിക്കേഷൻ ഹൈക്കോടതിയിലെ ഇൻ ഹൗസ് ഐ.ടി ടീമാണ് വികസിപ്പിച്ചത്. ഹൈക്കോടതിയുടെ ഔദ്യോഗിക വെബ് സൈറ്റിലാണ് ഓൺലൈനായി കേസ് ഫയൽ ചെയ്യുന്നതിനുള്ള സൗകര്യമൊക്കെ ഒരുക്കിയിരിക്കുന്നത്.
ഡിസ്‌പ്ലേ സംവിധാനത്തിലൂടെ കോടതി പരിഗണിക്കുന്ന കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. കോടതിയ്ക്ക് അകത്തും പുറത്തും ഈ സംവിധാനം ഉണ്ടാകും. കോടതിയ്ക്കുള്ളിലെ തിരക്ക് കുറയ്ക്കാൻ ഇത് സഹായകരമാകും. വെർച്വൽ ഹിയറിംഗ് വിത്ത് ഹൈബ്രിഡ് ഫെസിലിറ്റി എന്ന സംവിധാനത്തിലൂടെ
കോടതിയിൽ നേരിട്ട് ഹാജരായി വാദം പറയുന്നതിനൊപ്പം വീഡിയോ കോൺഫറൻസ് വഴിയും ഹാജരാകാൻ കഴിയും. സ്മാർട്ട് കോടതിയിൽ മൈക്കും സ്പീക്കറും ഏർപ്പെടുത്തിയിട്ടുണ്ടാകും. ഇത് ഓൺലൈനുമായും ബന്ധിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന കെയോസ്‌ക് എല്ലാ സ്മാർട്ട് കോടതികളിലും ഉണ്ടാകും. എല്ലായിടത്തും വൈ ഫൈ ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. സഹായം ലഭ്യമാക്കുന്നതിനായി ഇ-സേവ കേന്ദ്രയുമുണ്ട്. തീർപ്പായ കേസുകളുടെയും മറ്റ് കേസുകളുടെയും രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള പ്രവൃത്തികളും നടക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയത്. 40,000 കേസുകളുമായി ബന്ധപ്പെട്ട രേഖകൾ ഇതിനോടകം ഡിജിറ്റലൈസ് ചെയ്തു. 20 ലക്ഷത്തോളം പേപ്പറുകളൾ വരും ഇത്. ഇത്തരം ഫയലുകൾ സൂക്ഷിക്കുന്നതിനായി പ്രത്യേക സെർവറും വാങ്ങും.
ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഫയൽ ചെയ്യുന്ന മണി സ്യൂട്ടുകൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് സെക്ഷനൻ 138 പ്രകാരം ഫയൽ ചെയ്യുന്ന പരാതികൾ, കേരള ബിൽഡിംഗ് ( ലിസ് ആൻഡ് റെന്റ് കൺട്രോൾ) ആക്ട് 1965 പ്രകാരം ഫയൽ ചെയ്യുന്ന കേസുകൾ, മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ഫയൽ ചെയുന്ന പരാതികൾ, ആർബിട്രേഷൻ ആൻഡ് കൺസീലേഷൻ ആക്ട് പ്രകാരം ഫയൽ ചെയ്യുന്ന പരാതികൾ, ഇന്ത്യൻ പിന്തുടർച്ച നിയമ പ്രകാരം ഫയൽ ചെയ്യുന്ന പരാതികൾ, ജില്ല കോടതിയിൽ ഫയൽ ചെയ്യുന്ന ജാമ്യ ഹർജികൾ, ക്രിമിനൽ അപ്പീലുകളും ക്രിമിനൽ റിവിഷൻ പെറ്റീഷനുകളും, സിവിൽ അപ്പീലുകൾ എന്നിവയാണ് കീഴ്ക്കോടതികളിൽ ഇ- ഫയലിംഗ് നടത്തുക.
സങ്കീർണമായ ജുഡിഷ്യൽ സംവിധാനത്തെ കലാസ് രഹിതമാക്കുകയും നടപടികൾ സുഗമമവും സുതാര്യവും വേഗത്തിലുമാക്കുന്ന വെർച്വൽ സംവിധാനമാണ് കോടതികളിൽ നടപ്പാക്കുന്നത്. കേസുകൾ ഫയൽ ചെയ്യുന്നതു മുതലുള്ള നടപടികൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. അഭിഭാഷകൻ കേസ് അപ്‌ലോഡ് ചെയ്യുന്ന സമയത്തു തന്നെ ഹൈക്കോടതി ഫയലിംഗ് സ്‌കൂട്ടണി ഓഫീസർക്ക് പരിശോധിച്ച് പിഴവുണ്ടെങ്കിൽ തിരിച്ചയച്ച് അപ്പോൾ തന്നെ തിരുത്താനുള്ള സംവിധാനവുമുണ്ട്. ഡിജിറ്റലായി ഒപ്പിട്ട ഉത്തരവുകൾ ബന്ധപ്പെട്ട അഭിഭാഷകൻ, സർക്കാർ ഓഫീസ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, ഹർജിക്കാർ, എതിർകക്ഷികൾ, ജയിൽ അധികൃതർ, പൊലീസ് സ്‌റ്റേഷൻ എന്നിവർക്ക് ലഭ്യമാക്കാനും കഴിയും.
കടലാസ് രഹിത കോടതിയെന്ന ആശയം നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ജയിലുകളും കോടതികളും വീഡിയോകോൺഫറൻസിംഗ് സംവിധാനത്തിലൂടെ ബന്ധിപ്പിച്ചത് കോടതി നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചിരുന്നു. പ്രതികളുടെ സുരക്ഷയ്‌ക്ക് വൻ പൊലീസ് സംഘത്തെ വിന്യസിക്കുന്നത് ഒഴിവാക്കാനും കഴിഞ്ഞു. ഭീകരവാദ കേസുകളിൽ ഭൂരിഭാഗം പ്രതികളെയും വീഡിയോ കോൺഫറൻസിലൂടെയാണ് ഹാജരാക്കുന്നത്.
സ്‌മാർട്ട് കോടതികൾ അനിവാര്യമാണ്. വളരേ വേഗത്തിൽ സംസ്ഥാനത്തെ മുഴുവൻ കോടതികളും സ്‌മാർട്ടാവണം. ജോലി പോകുമെന്ന ഭയത്താൽ ഗുമസ്‌തൻമാർ ഉൾപ്പെടെയുള്ള ചില ജീവനക്കാർ എതിർക്കുന്നുണ്ടെങ്കിലും മാറ്റം അനിവാര്യമാണ്.