ആലപ്പുഴ: സംസ്ഥാനത്ത് മയക്കുമരുന്ന് , ഗുണ്ടാസംഘങ്ങളെ പ്രതിരോധിക്കാൻ പിണറായി സർക്കാരിന്റെ പൊലീസ് സേനയ്ക്കാവുന്നില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാനവ സൗഹാർദ്ദ സന്ദേശ സത്യഗ്രഹ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കാത്തവിധം പൊലീസിനെ സി.പി.എം നിർവീര്യമാക്കി. വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണ്. മതസംഘടനകളിൽ പോലും ചേരിതിരിവുകൾ ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. ഇത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേർന്നതല്ല. പാർട്ടിക്കെതിരെ നിൽക്കുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുകയാണ്. തീവ്രവാദ ശക്തികളെ തടഞ്ഞു നിർത്തിയ പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ കാവൽ പദ്ധതി പരാജയപ്പെട്ടു. ദിവസവും പൊലീസിന്റെ അക്രമങ്ങളാണ് വാർത്തകളിൽ നിറയുന്നത്. 46 രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴിഞ്ഞ ആറ് വർഷത്തിനിടയിൽ സംസ്ഥാനത്ത് നടന്നത്. ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തിലെ ഗൂഢാലോചനയെകുറിച്ച് അന്വേഷിക്കാൻ പൊലീസ് തയ്യാറാകാത്തത് യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണെന്ന് ചെന്നിത്തല ആരോപിച്ചു.