കായംകുളം: കേരളത്തിന്റെ വികസന മുന്നേറ്റത്തിലേക്ക് നയിക്കുന്ന കെ റെയിൽ പദ്ധതിയെ കോർപ്പറേറ്റുകളുമായി ഗൂഢാലോചന നടത്തി തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കായംകുളത്ത് എസ് വാസുദേവൻപിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ റെയിൽവേ കൈക്കലാൻ ശ്രമിക്കുന്ന കോർപ്പറേറ്റുകൾ കെ റെയിൽ വന്നാൽ റെയിൽവേ നഷ്ടത്തിലാകുമെന്ന് ഭയക്കുന്നു. ഇത് മുന്നി​ൽക്കണ്ടാണ് പദ്ധതിയെ തടസപ്പെടുത്താനുള്ള ആസൂത്രിത ശ്രമം. ഈ ഗൂഢാലോചനയുടെ ഭാഗമായാണ് കോർപ്പറേറ്റുകളെ സഹായിക്കാനായി കോൺഗ്രസും ജമാഅത്ത് ഇസ്ലാമിയും കൈകോർത്ത് പദ്ധതിയെ എതിർക്കുന്നത്. പദ്ധതിയുടെ അനുമതി തടസപ്പെടുത്താൻ ബി ജെ പിയും രംഗത്തിറങ്ങിയിരിക്കുകയാണ്.

കെ റെയിൽ പദ്ധതി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് കൊണ്ടുവന്നത്. അതിവേഗ റെയിൽവേ പദ്ധതി കെ റെയിൽ പദ്ധതിയാക്കി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ രാജ്യത്ത് അനുവദിച്ച 18 അതിവേഗ റെയിൽ പദ്ധതിയിൽ പോലും കേരളത്തെ ഉൾപ്പെടുത്തിയില്ല. കേരളത്തിന്റെ വികസനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. വ്യാവസായിക വികസനത്തിൽ റെയിൽവേ അനിവാര്യ ഘടകമാണെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

സ്വാഗതസംഘം പ്രസിഡന്റ് പി അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി.