1

കുട്ടനാട് : പുഞ്ച കൃഷിയ്ക്കായി സർക്കാർ സൗജന്യമായി നൽകിയ വിത്ത് കിളി​ർക്കാതെ വന്നതോടെ സ്വന്തം പോക്കറ്റിൽ നിന്ന് പണംമുടക്കി പുറത്തെ വിപണിയിൽ നിന്ന് വിത്ത് വാങ്ങേണ്ട ഗതികേടിൽ കുട്ടനാടൻ കർഷകർ. ഒരു കിലോഗ്രാം വിത്തിന് 35 രൂപ വച്ച് ചിലവാക്കേണ്ടി വരും. കൈയിൽ നിന്ന് പണംമുടക്കി വിത്ത് വാങ്ങിയാലും കൃഷിയിറക്കൽ വൈകും. ആദ്യം കിട്ടിയ വിത്ത് കിളിർക്കായതോടെ കൃഷിയുടെ താളം തന്നെ തെറ്റി.

ഒരേക്കറിന് 40 കിലോ വിത്തുവരെ സർക്കാർ കർഷകർക്ക് നൽകിയിരുന്നു. കൈകാര്യ ചിലവിനത്തിൽ നാല് രൂപ സംഘങ്ങൾ ഈടാക്കിയിരുന്നതൊഴിച്ചാൽ ഈ വിത്തിന് വേറെ പണമൊന്നും നൽകേണ്ടതില്ലായിരുന്നു. എന്നാൽ, ഇങ്ങനെ നൽകാതെ വിത്ത് കിളിർക്കാതെ വന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. പുതിയ വിത്ത് വിലകൊടുത്തുവാങ്ങി കിളിർപ്പിച്ച് വിതയ്ക്കുന്നതിന് ഇനിയും കൂടുതൽ സമയം വേണ്ടിവരും. വെള്ളപ്പൊക്കവും മടവീഴ്ചയും കാരണം പല പാടശേഖരങ്ങളിലും പുഞ്ച കൃഷി ഒരുക്കങ്ങൾ നടത്തുന്നത് ആഴ്ചകളോളം വൈകിയിരുന്നു. ഇതിനു പിന്നാലെയാണ് വിത്തു കിളിർക്കാതെ വന്നത്.

പോക്കറ്റ് കീറും, കൃഷിയുടെ താളം തെറ്റും

1.സർക്കാർ സൗജന്യമായി നൽകിയത് ഒരേക്കറിന് 40 കിലോ വിത്ത്

2.പുറത്തുനിന്ന് വാങ്ങുമ്പോൾ നൽകേണ്ടത് ഒരു കിലോയ്ക്ക് 35രൂപ

3.ഒരേക്കറിൽ വിത്ത് വാങ്ങാനായി 1400 രൂപ ചിലവാക്കണം

4.കൂടുതൽ ഏക്കറുകളിൽ കൃഷിയുള്ളവർക്ക് നല്ല തുക ചിലവാകും

5.ഇനി വിത്ത് വാങ്ങി കിളിർപ്പിച്ചാലും കൃഷിയിറക്കൽ വൈകും

''നാഷണൽ സീഡ്സ് കോർപ്പറേഷനിൽ നിന്ന് ലഭിക്കുന്ന വിത്താണ് സർക്കാർ സൗജന്യമായി കർഷകർക്ക് നൽകിവരുന്നത്. ഒരു ഏക്കറിന് 40 കിലോ വിത്ത് ലഭിക്കും. ഇതിൽ കൂടുതൽ ആവശ്യമായ് വരുന്നവർ കിലോയ്ക്ക് 42 രൂപ പ്രകാരം നൽകണം. ലഭിച്ച വിത്തിൽ ഒരു മണിപോലും കിളിർക്കാതെ വന്നതോടെ മുഴുവൻ വിത്തും വിലകൊടുത്തുവാങ്ങേണ്ട ഗതികേടിലാണ് കർഷകർ

-എ.കെ ആനന്ദൻ ,രാമങ്കരി കൃഷിഭവന് കീഴിലെ

പുനയാറ്റു താഴ്ച പാടശേഖര സമതി കൺവീനർ