ആലപ്പുഴ: 15000ൽ അധികം തൊഴിൽ അവസരങ്ങളുമായി 'കേരള നോളജ് ഇക്കോണമി മിഷൻ' തൊഴിൽ മേള 6 ന് രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ പുന്നപ്ര കാർമൽ കോളേജ് ഒഫ് എൻജിനീയറിംഗിൽ നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയാകും. എച്ച്.സലാം എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. എ. എം.ആരിഫ് എം.പി മുഖ്യാതിഥിയാകും. 18 നും 56 നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യർക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. 7000 പേർ മാത്രമേ ഇത് വരെ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. രജിസ്റ്റർ ചെയ്യാൻ ഇനിയും അവസരമുണ്ടെന്ന് എച്ച്.സലാം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി .രാജേശ്വരി, ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷണർ കെ.എസ്. അഞ്ജു എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 6 ന് രാവിലെ വരെ സൈറ്റിൽ രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷൻ നടത്തിയാലും രാവിലത്തെ സെഷനിൽ പങ്കെടുക്കാൻ സാധിക്കില്ല.

തൊഴിൽ മേളയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് റെഡിനെസ്, ഇന്റർവ്യൂ സ്‌കിൽ എന്നിവ മുൻനിറുത്തി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലനവും കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീയുടെ സ്‌കിൽ വിഭാഗവും ചേർന്ന് ഒരുക്കിയിട്ടുണ്ട്.
ഐ ടി, എൻജിനിയറിംഗ്, ടെക്‌നിക്കൽ ജോബ്‌സ്, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ, മെഡിക്കൽ, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീടൈൽസ്, ഫിനാൻസ് എജ്യൂക്കേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കിംഗ്, മാർക്കറ്റിംഗ്, സെയിൽസ്, മീഡിയ, സ്‌കിൽ എജ്യൂക്കേഷൻ, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ്, ഷിപ്പിംഗ്, അഡ്മിനിസ്‌ട്രേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, ടാക്‌സ് തുടങ്ങിയവയിൽ നൂറിലധികം കമ്പനികളിലായാണ് തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഒരു ഉദ്യോഗാർത്ഥിക്ക് മൂന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം. യോഗ്യതയിൽ ചെറിയ കുറവുകൾ ഉളളവർക്ക് കമ്പനികൾ തന്നെ പരിശീലനം നൽകി ജോലിയിൽ പ്രവേശിപ്പിക്കും.തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2737881.