ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ വടക്ക്, പള്ളിപ്പാട് പഞ്ചായത്തുകളിൽ രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലെ പക്ഷികളെ രണ്ട് ദിവസങ്ങൾക്കകം നശിപ്പിക്കുന്നതിന് റാപ്പിഡ് റെസ്പോൺസ് ടീമുകളെ സജ്ജമാക്കാൻ മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തി. നശിപ്പിക്കുന്ന പക്ഷികളുടെ ഉടമകളുടെ വിവരങ്ങൾ വകുപ്പ് മുൻകൂറായി അതത് ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറണം. പക്ഷികളെ കത്തിക്കുന്നതിനാവശ്യമായ വിറക്, മണ്ണെണ്ണ അനുബന്ധ സാമഗ്രികൾ, എന്നിവയും തൊഴിലാളികളുടെ സേവനവും അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ആർ.ആർ.ടികൾക്ക് ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. കളക്ടർ എ. അലക്‌സാണ്ടറുടെ അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എൽ.ജെ. കൃഷ്ണകിഷോർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. എസ്.ജെ. ലേഖ, തദ്ദേശസ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.