 
ചാരുംമൂട്: ചാരുംമൂട് ജംഗ്ഷന് കിഴക്ക് വശത്ത് തിരക്കേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിന്റെ അടിയിൽ കൂട്ടി ഇട്ടിരിക്കുന്ന ഉണക്ക ഇലകളും മാലിന്യങ്ങളും വലിയ അപകട ഭീഷണി ഉയർത്തുന്നു. ജംഗ്ഷനിൽ നിന്ന് 200 മീറ്റർ കിഴക്ക് യൂണിയൻ ബാങ്കും, നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഈ ഭാഗത്ത് നിരവധി വാഹനങ്ങളും പാർക്ക് ചെയ്യാറുണ്ട്. വഴിയരികിൽ നിൽക്കുന്ന രണ്ട് വലിയ മാവുകളിൽ നിന്നുള്ള ഇലകളും സമീപ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള പേപ്പർ , പ്ലാസ്റ്റിക് മാലിന്യങ്ങളും ഒക്കെ അടങ്ങുന്ന വേഗം തീപിടിക്കുന്ന തരത്തിലുള്ള ചപ്പുചവറുകളുടെ കൂമ്പാരമാണ് ട്രാൻസ്ഫോമറിന്റെ ചുറ്റും . ഒരു ചെറിയ തീപ്പൊരി വീണാൽ തീ ആളിക്കത്താനും ട്രാൻസ്ഫോർ പൊട്ടിത്തെറിച്ച് വലിയ അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. മരത്തണലുള്ളതിനാൽ ഒട്ടു മിക്ക രാഷ്ട്രീയപാർട്ടികളുടേയും കോർണർ മീറ്റിങ്ങുകളും നടക്കുന്നത് ഈ ഭാഗത്താണ്. വഴിയോര കച്ചവടക്കാർക്കും പ്രിയപ്പെട്ട ഇടമാണ് ഇവിടം. ആളുകൾ കൂടുതൽ തങ്ങുന്നതിനാൽ തന്നെ സിഗരറ്റ് കുറ്റിയിൽ നിന്നോ മറ്റോ തീ പടരാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്.
പഞ്ചായത്ത് ഭരണ സമിതി അടിയന്തരമായി ഇടപെട്ട് ഈ കരികില കൂമ്പാരം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
....................................................................
ട്രാൻസ് ഫോമറിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളും ഉണങ്ങിയ ഇലകളും അടിയന്തരമായി നീക്കം ചെയ്യണം. ഇവിടെ സൂചനാ ബോർഡ് സ്ഥാപിക്കണം.
ബാഹുലേയൻ നവചിത്ര പരിസ്ഥിതി പ്രവർത്തകൻ, പ്രദേശവാസി