
ആലപ്പുഴ: ജലദോഷവും പനിയും ബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം ക്രമാതീതമായി വർദ്ധിക്കുമ്പോഴുംഇതിന് ആനുപാതികമായി കൊവിഡ് പരിശോധന നടക്കുന്നില്ല. ലക്ഷണങ്ങൾ പ്രകാരം ഫാർമസികളിൽ നിന്ന് നേരിട്ട് മരുന്നു വാങ്ങാനെത്തുന്നവരുടെ എണ്ണം ഉയരുകയാണെന്ന് മെഡിക്കൽ സ്റ്റോർ നടത്തിപ്പുകാർ പറയുന്നു. ഒമിക്രോൺ വ്യാപകമായി പടരുമ്പോഴും, ലക്ഷണങ്ങൾ അവഗണിക്കുന്നത് വലിയ പ്രത്യാഘാതത്തിനാവും വഴിവയ്ക്കുക. രണ്ടാം തരംഗത്തിന് കാരണമായ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് തീവ്രത കുറവാണെങ്കിലും, പോസ്റ്റ് ഒമിക്രോൺ കാലഘട്ടം എങ്ങനെയാകുമെന്നത് സംബന്ധിച്ച് അറിയാനിരിക്കുന്നതേയുള്ളൂ. സാധാരണ കാണപ്പെടുന്ന പോസ്റ്റ് കൊവിഡ് ബുദ്ധിമുട്ടുകളെക്കാൾ സാരമുള്ളതാവാം ഒരുപക്ഷേ ഒമിക്രോണിന്റെ പാർശ്വഫലമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈറസ് ബാധിതരെ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ വ്യാപനം പിടിച്ചുനിർത്താനാകും.
സ്വയം പരിശോധനയും ഒളിച്ചുകളിയും
കൊവിഡ് പരിശോധന സ്വയം നടത്താനുള്ള റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഇപ്പോൾ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാണ്. ഈ ടെസ്റ്റ് പ്രകാരം പോസിറ്റീവാകുന്നവരുടെ കണക്ക് പൂർണമായും ആരോഗ്യ വിഭാഗത്തിന് ലഭിക്കുന്നില്ല. പലരും രോഗം മറച്ച് വെച്ച് സ്വയം ക്വാറന്റൈനിൽ കഴിയുന്ന പ്രവണത കണ്ടുവരുന്നുണ്ട്. സാധാരണ കൊവിഡ് ലക്ഷണങ്ങൾക്ക് പുറമേ, ചുവന്ന കണ്ണുകൾ ഉൾപ്പടെയുള്ള ലക്ഷണങ്ങളും ഒമിക്രോൺ രോഗികളിൽ കാണപ്പെടുന്നു.
ഒമിക്രോൺ ലക്ഷണങ്ങൾ
1.ശ്വാസതടസം
2.സംസാരത്തിൽ അവ്യക്തത
3.ചലനശേഷി നഷ്ടപ്പെടൽ
4.നെഞ്ചുവേദന
5.ചർമ്മത്തിൽ ചുണങ്ങുകൾ
6.ചർമ്മത്തിൽ നിറവ്യത്യാസം
എല്ലാ പനിയും കൊവിഡ് ആകണമെന്നില്ല. എന്നിരുന്നാലും പരിശോധന നടത്താതെ, സാധാരണ പനിയായിരിക്കുമെന്ന് കരുതി സ്വയം ചികിത്സ തേടുന്നത് ആശാസ്യമല്ല. ഇത് ഗുരുതരമായ രോഗ വ്യാപനത്തിന് ഇടയാക്കും. ടെസ്റ്റിന് പ്രാമുഖ്യം നൽകാൻ എല്ലാവരും തയ്യാറാകണം
- സി.സനൽ, പൊതുജനാരോഗ്യ പ്രവർത്തകൻ