
അമ്പലപ്പുഴ: മത്സ്യത്തൊഴിലാളിയായ അമ്പലപ്പുഴ മാടവന തോപ്പിൽ അമൽ ബാബുവിനെ (29) പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് കാട്ടി ബന്ധുക്കൾ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി, പൊലീസ് കംപ്ലയിന്റ് അതോറിട്ടി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകി. സഹോദരിയെ ഭർതൃവീട്ടിലാക്കിയ ശേഷം തിരികെ ബൈക്കിൽ വീട്ടിലേക്കു മടങ്ങിയ അമൽ ബാബുവിനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയ ശേഷം മർദ്ദിച്ചെന്നാണ് ആക്ഷേപം. കഴിഞ്ഞ 31 ന് രാത്രിയിലായിരുന്നു സംഭവം. പിന്നീട് പുന്നപ്ര പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.ദേഹമാസകലം മുറിവേറ്റ അമൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ജോൺസൺ എബ്രഹാമും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി.