
ആലപ്പുഴ: സാഹസിക ജലകായിക ഇനമായ കയാക്കിംഗിന് സംസ്ഥാന കായിക വകുപ്പിന്റെ പരിഗണന ലഭിക്കുന്നില്ലെന്ന് പരാതി. സ്വന്തം ചെലവിൽ പരിശീലനം നടത്തിയാണ് സംസ്ഥാനത്തെ കയാക്കിംഗ് താരങ്ങൾ ദേശീയ മത്സരങ്ങളിലടക്കം പങ്കെടുക്കുന്നത്.
ഈ മാസം 7 മുതൽ ഭോപ്പാലിൽ നടക്കുന്ന ദേശീയ മത്സരത്തിൽ 11 അംഗ കേരള ടീം പങ്കെടുക്കുന്നുണ്ട്. ഇതിന് യാത്രാച്ചെലവടക്കം നാല് ലക്ഷത്തോളം രൂപ ചെലവ് വരും. മത്സരത്തിൽ തുഴയാനുള്ള കയാക്ക് ഉൾപ്പടെ എല്ലാ ഉപകരണങ്ങളും മത്സര സ്ഥലത്തെത്തി വാടകയ്ക്ക് വാങ്ങണം. ജഴ്സി ഉൾപ്പടെ സകല കാര്യങ്ങളും കായിക പ്രേമികളുടെ സഹായം കൊണ്ടാണ് നടന്നുപോകുന്നതെന്ന് മത്സരാർത്ഥികൾ പറയുന്നു. കുത്തൊഴുക്കുള്ള ജലത്തിൽ മത്സരിക്കുന്ന ഇനമാണ് വൈറ്റ് വാട്ടർ കയാക്കിംഗ്. ഏഴ് മുതൽ ഒമ്പത് വരെയാണ് ചാമ്പ്യൻഷിപ്പ് . വരും വർഷങ്ങളിലെങ്കിലും, കയാക്കിംഗിനെയും, താരങ്ങളെയും അംഗീകരിക്കാനും സഹായം നൽകാനും സംസ്ഥാന സർക്കാർ തയാറാകണമെന്നാണ് കായിക താരങ്ങളുടെ ആവശ്യം.
നാളിതുവരെയായി കായിക പ്രേമികളുടെ സഹായം മാത്രമാണ് കയാക്കിംഗ് താരങ്ങൾക്ക് കിട്ടിയിട്ടുള്ളത്. സാമ്പത്തിക ഞെരുക്കമാണ് വലിയ മത്സരങ്ങൾക്ക് മുന്നിൽ വെല്ലുവിളിയാകുന്നത്- ശ്രീരഥ് കൃഷ്ണൻ, കേരള ടീം മാനേജർ